1990 ജൂലൈ നാലിനാണ് പീറ്റർ സിയംസ് എന്നയാളുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളെ കാണാനില്ലായിരുന്നു. ഇയാൾ കൊല്ലപ്പെട്ടതായിട്ട് പോലീസ് പിന്നീടു വിലയിരുത്തി.
കാർ കണ്ടെത്തിയെങ്കിലും 65കാരനായ ഇയാളുടെ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞതേയില്ല. എന്നാൽ, സാഹചര്യത്തെളിവുകൾ പിന്നീടു വുർനോസ് എന്ന വനിതാ കുറ്റവാളിയിലാണ് എത്തിനിന്നത്.
1990 ജൂലൈ 31ന് 50കാരനായ സോസേജ് വിൽപ്പനക്കാരനെ കാണാതായി. 1990 ഓഗസ്റ്റ് നാലിനാണ് നിയമപാലകർ ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
രണ്ടു തവണ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. 56കാരനായ റിട്ട. എയർഫോഴ്സ് മേജറും മുൻ പോലീസ് മേധാവിയും / ഫ്ലോറിഡ സ്റ്റേറ്റ് ബാലപീഡന അന്വേഷകനുമായ ചാൾസ് ഹംഫ്രീസിന്റെ മൃതദേഹം 1990 സെപ്റ്റംബർ 12ന് കണ്ടെത്തി. ആറു തവണ വെടിയേറ്റിരുന്നു.
1990 നവംബർ 19ന് അറുപത്തിരണ്ടുകാരനായ വാൾട്ടർ അന്റോണിയോയുടെ മൃതദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ ശരീരവും നഗ്നമായിരുന്നു. തലയുടെ പിന്നിൽ നാലു തവണ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
നഗരത്തെ ഞെട്ടിച്ച കൊലകൾ
ഫ്ളോറിഡയെയും പരിസരത്തെയും ഞെട്ടിച്ചു തുടർച്ചയായി കൊലപാതകങ്ങൾ നടന്നതോടെ പോലീസിന് ഉറക്കം നഷ്ടപ്പെട്ടു. വിമർശനകളും ജനങ്ങൾക്കിടയിൽ ഭീതിയും ശക്തമായി.
പ്രതിയെ തേടി അന്വേഷണം സജീവമാക്കി. പ്രതികളെല്ലാം ലൈംഗിക വേഴ്ചയുമായി ബന്ധപ്പെട്ട സമയത്താണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നു പോലീസ് കണ്ടെത്തി.
എല്ലാ കൊലപാതകങ്ങളും നടത്തിയിരിക്കുന്നതും വെടിയുതിർത്താണ്. ഇരകളുടെ കാറുകൾ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.
ഇതോടെ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവരെ ലക്ഷ്യമാക്കി അന്വേഷണം നീണ്ടു. വിശദമായ അന്വേഷണത്തിൽ കൊല നടന്ന സ്ഥലങ്ങളിൽ സംശയാസ്പദമായ രീതിയിൽ വുർനോസിനെ കണ്ടെത്തിയതായി മൊഴികൾ വന്നു.
ഇതോടെ വുർനോസ് അറസ്റ്റിലായി. ആദ്യം കുറ്റസമ്മതം നടത്താൻ വുർനോസ് മടിച്ചെങ്കിലും പിന്നീട് അവൾ എല്ലാം സമ്മതിച്ചു. ഹോട്ടൽ തൊഴിലാളിയായ ടൈറിയ മൂറിനോടൊപ്പം താമസിക്കുന്പോഴാണ് വുർനോസ് ഈ കൊലപാതകങ്ങളെല്ലാം നടത്തിയത്.
മനപ്പൂർവമല്ല!
വേശ്യയും തല്ലിപ്പൊളിയുമായിരുന്നെങ്കിലും താനാരെയും കൊല്ലാൻ തീരുമാനിച്ചുറപ്പിച്ച് ചെയ്തതല്ലെന്നാണ് അവൾ ഉദ്യോഗസ്ഥരോടു പറഞ്ഞത്.
മോശപ്പെട്ട വഴിയിലാണ് ജീവിതമെങ്കിലും തനിക്ക് ഇഷ്ടപ്പെടാത്തവരുമായി ഇടപാടുകളൊന്നും നടത്തിരുന്നില്ലെന്നും അവൾ പറഞ്ഞു. തന്നെ സമീപിച്ച ചിലർക്കു തെരുവിലെ സ്ത്രീകൾ തങ്ങളുടെ കുടുംബസ്വത്തും അടിമകളുമാണെന്ന മനോഭാവം ആയിരുന്നു.
ഇത്തരക്കാരെ അകറ്റി നിർത്തി. പക്ഷേ അവരിൽ ചിലർ ബലാത്കാരത്തിലൂടെ തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. അങ്ങനെ ബലാത്കാരമായി തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ച ചിലരെയാണ് ഞാൻ വെടിവച്ചു കൊന്നതെന്നും അതു സ്വയം പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകങ്ങളാണെന്നും അവൾ മൊഴി നൽകി.
കാപ്പിയിൽ വിഷം
റിച്ചാർഡ് മല്ലോറിയെ കൊലപ്പെടുത്തിയ കേസിൽ 1992ൽ വുർനോസ് വിചാരണ നേരിട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം ശിക്ഷിക്കപ്പെട്ടു – ശിക്ഷ മരണമായിരുന്നു.
1992 ജൂണിൽ ചാൾസ് കാർസ്കാഡോണിന്റെ കൊലപാതകത്തിൽ വുർനോസ് കുറ്റം സമ്മതിക്കുകയും കുറ്റകൃത്യത്തിനു മറ്റൊരു വധശിക്ഷ നൽകുകയും ചെയ്തു. ഒരു ഇരയുടെ മൃതദേഹം കണ്ടെത്താനാകാത്തതിനാൽ ആ കൊലപാതകത്തിൽ വുർനോസിനു വധശിക്ഷ ലഭിച്ചില്ല.
ബാക്കിയുള്ള ആറു കൊലപാതകങ്ങളിലും വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഒടുവിൽ കാപ്പിയിൽ മാരകവിഷം കലർത്തി നൽകിയാണ് വുർനോസിന്റെ വധശിക്ഷ നടപ്പാക്കിയത്.
അമേരിക്കയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പത്താമത്തെ വനിതയാണ് വുർനോസ്. പിന്നീട് വുർനോസിന്റെ ജീവിതത്തെ ആസ്പദമാക്കി മോൺസ്റ്റർ എന്ന പേരിൽ ഒരു സിനിമയും പുറത്തിറങ്ങി.