അയ്മനം: അയ്മനം പഞ്ചായത്തിൽ കുടിവെള്ളം വിതരണത്തിന് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർ ഹെഡ് ടാങ്ക് നിർമിക്കുന്നു. ഇടയ്ക്ക് നിർമാണം നിലച്ചുപോയ വാട്ടർ അഥോറിറ്റിയുടെ ഈ പദ്ധതിക്ക് വീണ്ടും ജീവൻവച്ചു. കുടമാളൂരിൽ ടാങ്ക് നിർമാണം പൂർത്തിയാകുന്നതോടെ അയ്മനത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചൻ വ്യക്തമാക്കി.
രണ്ടു വർഷം മുന്പാണ് ടാങ്കിന്റെ നിർമാണം ആരംഭിച്ചത്. കരാറുകാരനു പാർട്ട് ബിൽ ലഭിക്കാത്തതിനെത്തുടർന്ന് നിർമാണം ഇടയ്ക്ക് നിർത്തി. പിന്നീട് പഞ്ചായത്ത് ഗവണ്മെന്റിന് നൽകിയ നിവേദനത്തെ തുടർന്നാണു മൂന്നു മാസം മുന്പു നിർമാണം പുനരാരംഭിച്ചത്.നിലവിൽ പഞ്ചായത്തിൽ വാട്ടർ അഥോറിറ്റിക്ക് 2000 ഗുണഭോക്താക്കളുണ്ട്.
ങ്ക് പൂർത്തീകരിക്കുന്നതിലൂടെ വാട്ടർ അതോറിട്ടി ഗുണഭോക്താക്കൾക്കും ജലനിധി അപേക്ഷകർക്കും ആവശ്യാനുസരണം എല്ലാ ദിവസവും തടസമില്ലാതെ വെള്ളം ലഭ്യമാക്കാൻ കഴിയും. ജലനിധി പദ്ധതിയുടെ പൈപ്പ് ലൈനിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
പ്രളയത്തെ തുടർന്നാണ് പൈപ്പ് ലൈൻ നിർമാണം നിർത്തിവച്ചത്. കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. ടാങ്ക് നിർമാണം പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം നിർലോഭം ലഭ്യമാകുമെന്നും നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ പറഞ്ഞു.