ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി നല്‍കിയതു പോലെ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ചങ്കിടിപ്പ് കൂട്ടി ഒവൈസിയുടെ പ്രഖ്യാപനം.
ഡി.എം.കെ. സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ 30 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍(എ.ഐ.എം.ഐ.എം. ) തമിഴ്‌നാട് ഘടകം പ്രസിഡന്റ് വക്കീല്‍ അഹമ്മദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സഖ്യത്തില്‍ ചേര്‍ക്കണമെന്ന ആവശ്യമുന്നയിച്ച് ഡിഎംകെയുമായി പലവട്ടം ചര്‍ച്ച നടത്തുകയും ചെയ്തുവെന്ന് അഹമ്മദ് പറഞ്ഞു. ഡിഎംകെ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ 30 സീറ്റുകളില്‍ മത്സരിക്കാനാണ് എംഐഎംഐഎമ്മിന്റെ തീരുമാനം.
തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും തങ്ങള്‍ക്ക് സാന്നിദ്ധ്യമുണ്ടെന്നും മുസ്ലിം യുവജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും അഹമ്മദ് അവകാശപ്പെടുന്നു.
ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണവും അഹമ്മദ് തള്ളിയിട്ടുണ്ട്.
എന്നാല്‍, എം.ഐ.എമ്മിന് തമിഴ്‌നാട്ടില്‍ സ്വാധീനമില്ലെന്നും ഇല്ലാത്ത ശക്തി പെരുപ്പിച്ചുകാട്ടി സീറ്റിനായി വിലപേശുകയാണ് എം.ഐ.എം. ചെയ്യുന്നതെന്നും മുസ്ലിംലീഗും മനിതനേയ മക്കള്‍ കച്ചിയും കുറ്റപ്പെടുത്തി.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ എഐഎംഐഎം പാര്‍ട്ടി കണ്‍വീനറും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.