സിനിമ കാണുന്ന പ്രേക്ഷകന്റെ മനമറിഞ്ഞ് ക്ലൈമാക്സ് മാറുന്ന ഒരു സിനിമ. ഭാവിയിൽ യാഥാർഥ്യമായേക്കാവുന്ന ഒരു ഭാവനയാണിതെന്നു കരുതിയെങ്കിൽ തെറ്റി. ആംഗ്രി റിവർ എന്ന ഹ്രസ്വചിത്രമാണ് സിനിമാ രംഗത്ത് വിപ്ലവമായേക്കാവുന്ന ഹൈടെക് വിദ്യയുമായെത്തുന്നത്.
ആർമൻ പെരിയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അഞ്ചു വ്യത്യസ്ത ക്ലൈമാക്സുകളുണ്ട്. പടം കാണുന്നയാളുടെ അഭിരുചിയും മനോഭാവവും ഈ സിനിമ സ്വയം തിരിച്ചറിയുകയും അഞ്ചു വ്യത്യസ്ത ക്ലൈമാക്സുകളിൽ പ്രേക്ഷകനിഷ്ടപ്പെടുന്ന ഒരെണ്ണം പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
പ്രേക്ഷകരുടെ കണ്ചിമ്മലുകളിൽനിന്നാണ് സിനിമ അയാളുടെ അഭിരുചി പിടിച്ചെടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെയാണ് ഇതു പ്രവർത്തിക്കുന്നത്. എന്നാൽ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിൽ മാത്രമേ സിനിമ പ്രദർശിപ്പിക്കാനാവൂ. സിനിമകാഴ്ച ആപേക്ഷികമാണെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് കാരണമായതെന്ന് സംവിധായകൻ അർമെൻ പെരിയോൻ പറഞ്ഞു.
അമേരിക്കയിലുള്ള ക്രോസ് ബീറ്റ് എന്ന കന്പനിയാണ് പ്രേക്ഷകരുടെ കണ്ണുചിമ്മലുകളിൽനിന്നുള്ള സിനിമാഭിരുചി കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കാവുന്ന വിധത്തിൽ ഈ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുമെന്ന് ക്രോസ് ബീറ്റ് അറിയിച്ചു.