ന്യൂഡൽഹി: അടിയന്തര ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള മൂന്നു മാസം മാത്രം പ്രായമുള്ള കുരുന്നിന് ശസ്ത്രക്രിയ 2024 ൽ. ഡൽഹി എയിംസ് ആശുപത്രിയിലാണ് പിഞ്ച് കുഞ്ഞിന് അഞ്ച് വർഷത്തിനു ശേഷം 2024 ഫെബ്രുവരിയിൽ ശസ്ത്രക്രിയക്കു തീയതി നൽകിയത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് മാതാപിതാക്കൾ ഇന്ത്യ ഹാർട്ട് കെയർ ഫൗണ്ടേഷനെ സമീപിക്കുകയും പിന്നീട് സ്വകാര്യ ആശുപത്രിയിൽ അടുത്ത ആഴ്ച ശസ്ത്രക്രിയക്കു തീരുമാനിക്കുകയും ചെയ്തു.
ഫരീദാബാദ് സ്വദേശി അജയ് കുമാറിന്റെ മകൾ നാൻസിക്കാണ് ഹൃദയസംബന്ധമായ അസുഖം പിടിപെട്ടത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ സൗത്ത് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് എയിംസിലേക്ക് പറഞ്ഞയച്ചത്. എയിംസിൽ വിവിധ പരിശോധനകൾക്കു ശേഷം കുട്ടിയുടെ ഹൃദയത്തിൽ ദ്വാരം കണ്ടെത്തി. നാൻസിക്ക് ഉടൻ തന്നെ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ശസ്ത്രക്രിയക്കു 57,000 രൂപ കെട്ടിവയ്ക്കണമെന്നും 2024 ഫെബ്രുവരിയിൽ തീയതി നൽകാമെന്നും എയിംസ് അധികൃതർ അറിയിച്ചു. എന്നാൽ തങ്ങൾക്ക് അത്രയും ദിവസം കാത്തുനിൽക്കാൻ ആവില്ലായിരുന്നു- അജയ് കുമാർ പറഞ്ഞു. തങ്ങൾ ജീവകാരുണ്യ സംഘടനയായ ഇന്ത്യ ഹാർട്ട് കെയർ ഫൗണ്ടേഷനെ (HCFI ) സമീപിച്ചു. എച്ച്സിഎഫ്ഐ വിദഗ്ധർ കുട്ടിയെ പരിശോധിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നു കണ്ടെത്തി.
ഇതോടെ എച്ച്സിഎഫ്ഐ അധികൃതർ എയിംസിലേക്ക് ഇക്കാര്യം വിശദീകരിച്ച് എഴുതി. അടുത്ത ദിവസങ്ങളിൽ കുട്ടിയുടെ ശസ്ത്രക്രിയ നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇതിനു എയിംസ് പ്രതികരിച്ചില്ലെന്നും എച്ച്സിഎഫ്ഐ പറയുന്നു. പിന്നീട് ഡൽഹിയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ നാൻസിയെ പ്രവേശിപ്പിച്ചു. സമീർ മാലിക് ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് നാൻസിയുടെ ശസ്ത്രക്രിയ നടത്തുന്നത്.