ചിറ്റാരിക്കാൽ (കാസർഗോഡ്): ബന്ധുക്കളും പരിചയക്കാരുമായ നൂറ്റന്പതോളം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ എഐ ആപ്പ് വഴി സൃഷ്ടിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. ചിറ്റാരിക്കൽ സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്.
സാമൂഹിക മാധ്യമങ്ങളിൽ നിന്നും ശേഖരിച്ച യുവതികളുടെ ചിത്രങ്ങൾ എഐ ആപ്പ് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റിയെടുത്താണ് ഇവർ പ്രചരിപ്പിച്ചത്. ഇതിലൊരാളുടെ സുഹൃത്തായ മറ്റൊരു വിദ്യാർഥി അവിചാരിതമായി സുഹൃത്തിന്റെ ഫോണെടുത്തു നോക്കിയപ്പോൾ തന്റെ അടുത്ത ബന്ധുവായ യുവതിയുടെ നഗ്നചിത്രം കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഏതാനും ചിത്രങ്ങൾ ഈ വിദ്യാർഥി തന്റെ ഫോണിലേക്ക് പകർത്തിയെടുത്ത് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.വിവരം നാട്ടിൽ പ്രചരിച്ചതോടെ പോലീസെത്തുന്നതിനു മുമ്പ് യുവാക്കൾ തങ്ങളുടെ ഫോണിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു.
പോലീസ് പിടിച്ചെടുത്ത ഫോണുകൾ സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത കാര്യം സൈബർ സെല്ലിന്റെ പരിശോധനയിലൂടെ തെളിയിക്കാനാകുമെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
മലയോരമേഖലയിലെ ഗ്രാമപ്രദേശത്ത് ആദ്യമായി ഇത്തരമൊരു സംഭവം നടന്നത് പ്രദേശവാസികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ പഞ്ചായത്ത് അംഗത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇന്നലെ ബോധവത്കരണ യോഗം വിളിച്ചുചേർത്തു.
ഇതിനകം നാല് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങളിൽ പരാതിക്കാരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് മേൽനടപടികൾ സ്വീകരിക്കുമെന്നും പരാതികളുണ്ടെങ്കിൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.