കോട്ടയം: പൊള്ളലേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ എയർ ആംബുലൻസിൽ കോയന്പത്തുരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിനു സമീപം താമസിക്കുന്ന 17കാരിയെയാണു ഇന്നു രാവിലെ എട്ടിന് കോട്ടയം എസ്എച്ച് മൗണ്ടിലുള്ള ഹെലിപാഡിൽ നിന്നും എയർ ആംബുലൻസിൽ കോയന്പത്തൂരിലെ ഗംഗ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ എസ്എച്ച് മൗണ്ടിൽ എത്തിച്ചശേഷം അവിടെ നിന്നുമാണു എയർ ആംബുലൻസിലേക്ക് പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ചരിത്രത്തിൽ ആദ്യമായിട്ടാണു ഒരു രോഗിയെ എയർ ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. സൗജന്യമായിട്ടാണു ഗംഗ ആശുപത്രി പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. തുടർന്നുള്ള ചികിത്സ ചെലവുകളെല്ലാം ആശുപത്രിയാണു വഹിക്കുന്നത്.
ഇവിടെ എത്തിയശേഷം വിദ്ഗധരായ ഡോക്ടർമാരുടെ സംഘമായിരിക്കും പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. പെണ്‍കുട്ടിയോടൊപ്പം അമ്മയും എയർ ആംബുലൻസിൽ കോയന്പത്തൂരിലേക്കു പോയിട്ടുണ്ട്. കഴിഞ്ഞ 14നു രാത്രി ഏഴിനാണു പെണ്‍കുട്ടിയെ സമീപവാസിയും അകന്ന ബന്ധുവുമായ യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്.
ഏതാണ്ട് 80 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ തുടർന്നു പത്തനംതിട്ട ജനറൽ ആശുപത്രിയിലും പീന്നിടു കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങളായി മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പെണ്‍കുട്ടി.