പുതുക്കാട്: വൈദ്യുതി ലൈനിലെ എയർ ബ്രേക്ക് സ്വിച്ചുകൾ സാമൂഹ്യ വിരുദ്ധർ ഓഫാക്കിയതുമൂലം തൃക്കൂർ പഞ്ചായത്തിന്റെ മലയോര മേഖല 12 മണിക്കൂർ ഇരുട്ടിലായി. കെ.സ്.ഇ.ബി.യുടെ കല്ലൂർ ഫീഡർ പരിധിയിൽപ്പെട്ട ഭരത കപ്പേള, ആലേങ്ങാട് പാറ എന്നീ എ.ബി. സ്വിച്ചുകളാണ് അനുമതി കൂടാതെ ഓഫാക്കിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഇതോടെ മലയോര മേഖലയിൽ കല്ലൂർ ആലേങ്ങാട് മുതൽ മരോട്ടിച്ചാൽ വല്ലൂർകുത്ത് വരെയുള്ള പ്രദേശങ്ങളാണ് ഇരുട്ടിലായത്.
നിലവിൽ ഹൈടെൻഷൻ ലൈനിലെ അടിയന്തര ആവശ്യങ്ങൾക്ക് സബ് സ്റ്റേഷനിൽ നിന്നുള്ള അനുമതിയോടെയാണ് എ.ബി. സ്വിച്ചുകൾ ഓഫാക്കുന്നത്. എന്നാൽ അറിയിപ്പൊന്നുമില്ലാതെ എ.ബി. സ്വിച്ചുകൾ തുറന്നത് അധികൃതരെയും ആശങ്കയിലാക്കി. ലൈനിൽ വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കെയാണ് സ്വിച്ച് ഓഫാക്കിയത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതാണ് അധികൃതരെ ആശങ്കയിലാക്കിയത്.
വൈദ്യുതി പ്രവഹിക്കുന്നതിനിടെ എ.ബി. സ്വിച്ചുകൾ തുറക്കുന്പോൾ വലിയതോതിൽ തീപ്പൊരി ചിതറാനും ബ്ലെയ്ഡുകൾ കത്തി എ.ബി. സ്വിച്ചുകൾ നശിക്കാനും സാധ്യതയുണ്ട്. ലൈനിൽ അവിചാരിതമായി എന്തെങ്കിലും തകരാറുണ്ടായാൽ ഓഫീസിൽ അറിയിക്കാതെ ആരെങ്കിലും സ്വിച്ച് ഓഫ് ചെയ്തതാണോ എന്നുമറിയാതെ ജീവനക്കാർ നെട്ടോടമോടി.
വൈദ്യുതി വകുപ്പ് ജീവനക്കാർ ലൈനിൽ മൊത്തം പരിശോധിച്ച ശേഷം തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് വീണ്ടും സ്വിച്ച് ഓണ്‍ ചെയ്തത്.മേഖലയിലെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറ സൃഷ്ടിക്കാൻ കരുതിക്കൂട്ടി എ.ബി. സ്വിച്ച് ഓഫാക്കിയതാകാമെന്നാണ് നാട്ടുകാരുടെ സംശയം. മലയോര മേഖലയിൽ കഞ്ചാവ് സംഘങ്ങളും മരം മുറിച്ച് കടത്തുന്ന സംഘങ്ങളും വ്യാപകമായുള്ളതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം.