ടോറന്റോ: വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോയ യാത്രക്കാരിയെ ഉണർത്താതെ വിമാന ജീവനക്കാർ ഇറങ്ങിപ്പോയി. കാനഡയിലെ ടോറന്റോയിൽ വന്നിറങ്ങിയ എയർ കാനഡ വിമാനത്തിലുണ്ടായിരുന്ന ടിഫാനി ആഡംസിനാണ് ദുരനുഭവം നേരിട്ടത്. യുവതിയുടെ അനുഭവം സുഹൃത്തായ ഡിയാന്ന നോയൽ ഡെയ്ലാണ് എയര്‍ കാനഡയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.
ജൂൺ ഒമ്പതിനു ക്യുബെക് നഗരത്തിൽ നിന്ന് ടോറന്റോ പിയഴ്സണ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം പാതിയാത്ര പിന്നിട്ടത്തോടെ ടിഫാനി ഉറക്കം തുടങ്ങിയിരുന്നു. രാത്രിയോടെ ടോറന്റോയിൽ എത്തിയ വിമാനത്തിൽ നിന്ന് മറ്റു യാത്രക്കാർ ഇറങ്ങുമ്പോഴും ടിഫാനി എഴുന്നേറ്റിരുന്നില്ല. ഇക്കാര്യം ശ്രദ്ധിക്കാതെ എൻജിൻ ഓഫ് ചെയ്തു പൈലറ്റും ജീവനക്കാരും സ്ഥലംവിടുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്തു മണിക്കൂറുകൾക്ക് ശേഷമാണ് ഉറക്കമുണർന്നത്. അപ്പോൾ കൂരിരുട്ടത്ത് തണുത്തുറഞ്ഞ് സീറ്റ് ബെൽറ്റിട്ട നിലയിലായിരുന്നു. മരണം മുന്നിൽ കണ്ട നിമിഷത്തിൽ ഭയന്നുപോയെന്നും ടിഫാനി പറയുന്നു. കൂരിരുട്ടത്ത് തപ്പിതടഞ്ഞ് മൊബൈൽ ഫോൺ എടുത്ത് സുഹൃത്തിനെ വിളിച്ചു. അല്പനേരം കഴിഞ്ഞപ്പോൾ ചാർജ് തീർന്ന് ഫോൺ സ്വിച്ച് ഓഫായി. എൻജിൻ ഓഫായതിനാൽ ചാർജ് ചെയ്യാൻ കഴിഞ്ഞില്ലെന്നും ടിഫാനി പറയുന്നു.
പിന്നീട് കോക്പിറ്റിൽ നിന്ന് കണ്ടെത്തിയ ടോർച്ച് ഉപയോഗിച്ച് വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടർന്നു ടോർച്ച് വെളിച്ചത്തിൽ പ്രധാന ക്യാബിന്റെ അടുത്തെത്തി വാതിൽ തുറന്നു. 40-50 അടി താഴ്ചയിലായിരുന്നു തറനിരപ്പ്. വാതിലിലൂടെ തൂങ്ങി നിൽക്കവേ ഒരു ലഗേജ് കാര്‍ട്ട് ഡ്രൈവർ ശ്രദ്ധ ആകര്‍ഷിക്കാൻ കഴിഞ്ഞുവെന്നും ടിഫാനി പറഞ്ഞു.
സംഭവത്തില്‍ എയര്‍ കാനഡ മാപ്പേക്ഷിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നും എയര്‍ കാനഡ അറിയിച്ചു.