കൊട്ടാരക്കര: യുവ അഭിഭാഷകന് അയൽവാസിയിൽനിന്ന് വെടിയേറ്റു. കൊട്ടാരക്കര ബാറിലെ അഭിഭാഷകൻ കോട്ടപ്പുറം സ്വദേശി മുകേഷിനാണ് വെടിയേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പ്രൈം അലക്സിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഒരു സുഹൃത്തും കസ്റ്റഡിയിലുള്ളതായാണ് സൂചന.
ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. അഭിഭാഷകൻ വീടിനു മുന്നിൽ മറ്റു ചിലരുമായി സംസാരിച്ചുകൊണ്ടുനിൽക്കവേ അവിടെയെത്തിയ പ്രൈം അലക്സ് അഭിഭാഷകനുനേരെ വെടിയുതിർക്കുകയായിരുന്നു.
തോൾഭാഗത്താണ് വെടിയേറ്റത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വെടിയുണ്ട തറഞ്ഞിരിക്കുന്നതിനാൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അഭിഭാഷകനെ മർദ്ദിച്ചതിനും വീടാക്രമിച്ചതിനും പ്രൈം അലക്സിനെതിരെ മൂന്നു കേസുകൾ നിലവിലുണ്ട്.
ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് പോലീസ് അനുമാനം. ശാസ്ത്രിയ തെളിവുകൾ ശേഖരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.