തിരുവനന്തപുരം: വിമാന ജീവനക്കാരായ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്നു പറഞ്ഞ് മലയാളി എയര്‍ഹോസ്റ്റസ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ എയര്‍ഹോസ്റ്റസായ തിരുവനന്തപുരം സ്വദേശിനിയാണ് താന്‍ നേരിട്ട അനുഭവം പ്രമുഖ ന്യൂസ് ചാനലിനു മുമ്പില്‍ തുറന്നു പറഞ്ഞത്.
കോക്പിറ്റിലും വിമാനത്തില്‍ ഒറ്റയ്ക്കുള്ളപ്പോഴും പൈലറ്റ് തന്നെ ശാരീരികമായി അപമാനിക്കാന്‍ ശ്രമം നടന്നതായി എയര്‍ഹോസ്റ്റസ് പറഞ്ഞു. ഇംഗിതത്തിന് വഴങ്ങാത്തവരെ പരസ്യമായി അധിക്ഷേപിക്കുകയാണ് ചെയ്യുക. ക്രൂവില്‍ ഒറ്റയ്ക്കാവുമ്പോള്‍ ശല്യം വര്‍ധിക്കും. ജോലി കഴിഞ്ഞാലും രക്ഷയില്ലാത്ത അവസ്ഥയാണ്. പിന്നെ ഫേസ്ബുക്ക് വഴിയും ശല്യം തുടരും. പീഡനങ്ങളെത്തുടര്‍ന്ന രാജിവച്ച എയര്‍ഹോസ്റ്റസ് പറഞ്ഞു. നിരന്തരം പൈലറ്റിനെതിരെ നിരവധി പരാതികള്‍ പലരായി നല്‍കിയിട്ടും അധികൃതര്‍ നടപടിക്ക് തയാറായിട്ടില്ല. ഈ പൈലറ്റില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ ഒരാളില്‍ ഒതുങ്ങുന്നില്ല.
ഏറെക്കാലമായി ഇയാള്‍ ശല്യപ്പെടുത്തുന്നുണ്ടെങ്കിലും പുറത്തു പറഞ്ഞിരുന്നില്ല. സെപ്തംബര്‍ 18ന് മറ്റു ജീവനക്കാര്‍ക്കു മുന്നില്‍ അപമാനിതയാക്കിയതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് പൈലറ്റിനെതിരെ മറ്റൊരു എയര്‍ ഹോസ്റ്റസ് തിരുവനന്തപുരം വലിയതുറ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം കണ്ടുനിന്ന രണ്ടു യാത്രക്കാര്‍ പിന്തുണയുമായെത്തിയതും ധൈര്യമായി. പരാതികള്‍ കുമിഞ്ഞുകൂടിയിട്ടും പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യ ഏക്‌സ്പ്രസ് തയാറാവാത്തതിന്റെ ആശങ്കയിലും നിരാശയിലുമാണ് എയര്‍ഹോസ്റ്റസുമാര്‍.
ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നമ്മുടെ ആകാശവും സുരക്ഷിതമല്ലെന്ന് ഗുരുതര സത്യമാണ് എയര്‍ഹോസ്റ്റസിന്റെ തുറന്നു പറച്ചിലോടെ പുറത്തുവരുന്നത്. വിമാനം ആകാശത്തേക്കുയര്‍ന്നാല്‍ പൈലറ്റിന്റെ കൈയ്യിലാണ് എല്ലാം. എന്നാല്‍ രക്ഷകനാകേണ്ട പൈലറ്റ് തന്നെ ശിക്ഷകനായാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ ഭയമില്ലാതെ വിമാനത്തില്‍ കഴിയാം എന്ന ചോദ്യമുയരുകയാണ്.