വ്യത്യസ്ഥമായ ഒരു പ്രതിഷേധത്തിന് സെന്‍ട്രല്‍ റോം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഇറ്റാലിയന്‍ വിമാനകമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമിലെ തെരുവില്‍ യൂണിഫോം അഴിച്ച് പ്രതിഷേധിച്ചത്.
പുതിയതായി കമ്പനി ഏറ്റെടുത്തവരുടെ തീരുമാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാണ് എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിച്ചത്.
ഒക്ടോബര്‍ 14ന് ആയിരുന്നു അല്‍ ഇറ്റാലിയ കമ്പനിയെ ഇറ്റലി എയര്‍ ട്രാന്‍സ്പോര്‍ട്ട് എന്ന കമ്പനി വാങ്ങിയത്. 775 കോടി രൂപയായിരുന്നു കൈമാറ്റത്തുക.
മുമ്പ് പതിനായിരത്തിനടുത്ത് ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം പുതിയ കമ്പനി 3000 ആക്കി ചുരുക്കിയിരുന്നു. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
ഇതിന്റെ ഭാഗമായാണ് 50ഓളം എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിക്കാനെത്തിയത്. ഇതിനുശേഷം ഇവര്‍ ഷൂസ് ഉള്‍പ്പെടെയുള്ള യൂണിഫോം അഴിച്ചുമാറ്റി അല്‍പ്പനേരം മൗനമായി നിന്നു.
തുടര്‍ന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പുതിയ കമ്പനി അധികൃതര്‍ തൊഴിലാളിവിരുദ്ധ നയം സ്വീകരിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
കമ്പനിക്ക് സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനും കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇപ്പോഴത്തെ അവസ്ഥയില്‍ ജീവനക്കാരുടെ എണ്ണം മൂവായിരത്തില്‍ നിന്ന് അയ്യായിരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ 2025 വരെയെങ്കിലും കാത്തിരിക്കണം.
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ്. തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട് പ്രതിഷേധക്കാര്‍.