പണം മോഷ്ടിച്ചുവെന്നാരോപിച്ച് നഗ്നരാക്കി പരിശോധിച്ചു;സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; സ്‌പൈസ്‌ജെറ്റിനെതിരേ ഗുരുതര ആരോപണങ്ങളുമായി എയര്‍ഹോസ്റ്റസുമാര്‍…

ചെന്നൈ: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിനു നേരെ ഗുരുതരആരോപണങ്ങളുമായി എയര്‍ഹോസ്റ്റസുമാര്‍. യാതൊരു ഔചിത്യവുമില്ലാതെ തങ്ങളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്നാണ് എയര്‍ ഹോസ്റ്റസുമാര്‍ മാനേജ്‌മെന്റിനു പരാതി നല്‍കിയത്. വിമാനത്തില്‍ നിന്നു ഭക്ഷണത്തിനും മറ്റുമായി ശേഖരിക്കുന്ന പണം കാബിന്‍ ക്രൂ മോഷ്ടിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സ്‌പൈസ്‌ജെറ്റിന്റെ പരിശോധന. ഇതിനെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ജീവനക്കാര്‍ പരാതി നല്‍കുന്ന ദൃശ്യങ്ങള്‍ എന്‍ഡിടിവിയാണു പുറത്തു വിട്ടത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാബിന്‍ ക്രൂ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌പൈസ്‌ജെറ്റിന്റെ രണ്ടു സര്‍വീസുകള്‍ ചെന്നൈയില്‍ നിന്ന് ഒരു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടതെന്നും അറിയുന്നു.

പരാതി പരിഹരിക്കാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണു ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് ഒരു കൂട്ടം എയര്‍ഹോസ്റ്റസുമാര്‍ പരാതിയുമായി സ്‌പൈസ്‌ജെറ്റ് അധികൃതരെ കാണാനെത്തിയത്.

കമ്പനിയുടെ സുരക്ഷാവിഭാഗം തങ്ങളെ നഗ്‌നരാക്കി പരിശോധന നടത്തി എന്നതാണ് പ്രധാന ആരോപണം. വനിതാജീവനക്കാരെയാണ് ഇത്തരത്തില്‍ പരിശോധനയ്ക്കായി നിയോഗിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് തുടരുകയാണ്.

വിമാനമിറങ്ങിക്കഴിയുമ്പോഴാണു പരിശോധന. ഹാന്‍ഡ് ബാഗില്‍ നിന്ന് സാനിറ്ററി പാഡുകള്‍ പോലും ഒഴിവാക്കാന്‍ തങ്ങളോട് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ‘തികച്ചും അപമര്യാദയായാണ് ഒരാള്‍ എന്നെ പരിശോധിച്ചത്. വ്യക്തിപരമായി ഏറെ അസ്വസ്ഥതകള്‍ സൃഷ്ടിച്ച നിമിഷങ്ങളായിരുന്നു അത്…’ പരിശോധനയെപ്പറ്റി ഒരു യുവതി പരാതി ഉന്നയിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.

വിമാനമിറങ്ങിക്കഴിഞ്ഞാല്‍ വാഷ്‌റൂം ഉപയോഗിക്കാന്‍ പോലും സുരക്ഷാവിഭാഗം അനുവദിക്കുന്നില്ലെന്നും എയര്‍ഹോസ്റ്റസുമാര്‍ പറയുന്നു.തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു പരിശോധന നടത്തുന്നതും സാനിറ്ററി പാഡുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതും കമ്പനിയുടെ നയമാണോയെന്നു വ്യക്തമാക്കണമെന്നും സ്‌പൈസ്‌ജെറ്റ് മാനേജ്‌മെന്റിനു നല്‍കിയ പരാതിയില്‍ കാബിന്‍ ക്രൂ ആവശ്യപ്പെടുന്നു.’യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഞങ്ങളെ നിയോഗിക്കുന്നത്. പക്ഷേ ഞങ്ങളുടെ സുരക്ഷ ആരു നോക്കും. മാനഭംഗപ്പെടുത്തുന്നതിനു തുല്യമാണ് ഇത്തരം പരിശോധനകള്‍’ പരാതിക്കാരിലൊരാള്‍ പറയുന്നു.

ആര്‍ത്തവമാണെന്നു പറഞ്ഞിട്ടു പോലും സ്വകാര്യ ഭാഗങ്ങളില്‍ പരിശോധന നടത്തിയെന്നും ഒരു പരാതിക്കാരി പറഞ്ഞു. അതേസമയം കാബിന്‍ ക്രൂ അംഗങ്ങള്‍ പണം തട്ടുന്നതിനും വിമാനത്തില്‍ നിന്നു പലതും മോഷ്ടിക്കുന്നതിനുമെതിരെ കര്‍ശന നടപടി തുടരുമെന്നാണ് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കിയത്.

വിമാനമിറങ്ങിയാലുടന്‍ പരിശോധന അത്യാവശ്യമാണ്. അത് കമ്പനി നയമാണ്. രാജ്യാന്തര തലത്തില്‍ നടപ്പാക്കുന്നതുമാണ്. അടച്ചിട്ട മുറിയിലാണ് ഇതു ചെയ്യുന്നത്. പ്രത്യേക പരിശീലനം ലഭിച്ച വനിതാജീവനക്കാരാണു സുരക്ഷാപരിശോധന നടത്തുന്നത്.

മാര്‍ച്ച് 28നും 29നും ഇത്തരത്തില്‍ ചിലയിടത്തു പരിശോധന നടത്തിയതായും സ്‌പൈസ് ജെറ്റ് സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ‘മോഷ്ടാക്കളെ’ പിടികൂടി നടപടിയെടുക്കുകയും ചെയ്തു.സത്യസന്ധരായ ജീവനക്കാര്‍ക്കു മോശം പേരുണ്ടാകാതെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പരിശോധന. കൂട്ടത്തിലെ മോഷ്ടാക്കളെ പിടികൂടുകയാണു ലക്ഷ്യമെന്നും സ്‌പൈസ്‌ജെറ്റ് സീനിയര്‍ വൈസ് പ്രസിഡന്റിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

 

Related posts