എയര്‍ ഹോസ്റ്റസ് ട്രെയ്‌നിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയത് അര്‍ധനഗ്നയായ നിലയില്‍ രക്തത്തില്‍ കുളിച്ച്.
കഴുത്തില്‍ വലിയ രണ്ട് മുറിവുകളും ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് എയര്‍ ഹോസ്റ്റസ് ട്രെയ്‌നിയായ ഛത്തീസ്ഗഡ് സ്വദേശി രുപാല്‍ ഓഗ്രെ(24) അന്ധേരി മരോളിലെ കൃഷന്‍ലാല്‍ മാര്‍വ മാര്‍ഗിലെ എന്‍ജി കോംപ്ലക്‌സില്‍ കൊല്ലപ്പെട്ടത്.
കേസില്‍ അപ്പാര്‍ട്ട്‌മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തില്‍ ഒരു വര്‍ഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്വാളാണ് (40) പിടിയിലായത്.
യുവതി ഇയാളോടു കയര്‍ത്തു സംസാരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. രാത്രിയില്‍ വേസ്റ്റ് എടുക്കാനെന്ന വ്യാജേന മുറിയില്‍ കയറിയശേഷം കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ യുവതിയെ കുത്തുകയായിരുന്നു.
രുപാല്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം വാതില്‍ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്കു പോയി.
വീട്ടിലെത്തി രക്തം പറ്റിയ വസ്ത്രം വൃത്തിയാക്കുന്നതു ഭാര്യ കണ്ടു. ഇതേപ്പറ്റി ചോദിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് ഇയാള്‍ നല്‍കിയത്.
യുവതിയെ അന്വേഷിച്ച് വന്നവര്‍ ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച് അര്‍ധനഗ്നാവസ്ഥയില്‍ കണ്ടെത്തിയത്.
എയര്‍ ഇന്ത്യയിലെ ട്രെയ്‌നിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് രുപാല്‍ മുംബൈയിലെത്തിയത്. സഹോദരിയും സുഹൃത്തും താമസിച്ചിരുന്ന വീട്ടില്‍ അവര്‍ക്കൊപ്പം തങ്ങുകയായിരുന്നു.
ഇരുവരും നാട്ടിലേക്കു പോയപ്പോഴാണ് കൊലപാതകം. രുപാലിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടാതെ വന്നതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി ഫ്‌ളാറ്റ് തുറന്നുനോക്കിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.