ന്യൂഡൽഹി: സാന്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ധൈര്യമുള്ളവർക്കേ കഴിയൂ എന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര. വലിയ ബാധ്യതയുള്ള എയർ ഇന്ത്യയെ ഏറ്റെടുക്കാൻ തനിക്കു ധൈര്യം പോരെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ അനുമതി നല്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീലാകാശത്തെ മഹാരാജാവ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന എയർ ഇന്ത്യക്ക് 52,000 കോടി രൂപയുടെ കടമുണ്ട്. ഇക്കാരണത്താൽ കമ്പനിയെ സ്വകാര്യവത്കരിക്കാൻ ബുധനാഴ്ച കേന്ദ്രസർക്കാർ അനുമതി നല്കുകയായിരുന്നു.എയർ ഇന്ത്യക്കുള്ള കടത്തിന്റെ ഏതെങ്കിലും ഭാഗം എഴുതിത്തള്ളുമോയെന്ന് സർക്കാർ ഇതുവരെ വ്യക്തമായ വിവരങ്ങൾ നല്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഏറ്റെടുക്കാൻ ആരും തയാറാവില്ല.
“ഞാൻ ധൈര്യമുള്ള വ്യക്തിയാണെന്നാണ് എന്റെ വിശ്വാസം. എന്നാൽ, എയർ ഇന്ത്യയെപ്പോലുള്ള ഒരു സ്ഥാപനം ഏറ്റെടുക്കാൻ ആ ധൈര്യം പോരാ’- ആനന്ദ് മഹീന്ദ്ര പറഞ്ഞു.ജ്യത്തെ ഏറ്റവും വലിയ വിമാനക്കന്പനിയായി വളർന്ന എയർ ഇന്ത്യയുടെ ഓഹരികൾ ഇപ്പോൾ പുതുതായി എത്തുന്ന വിമാനക്കന്പനികളുടേതിനു തുല്യമായി. വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും മൂലം യാത്രക്കാർ ഏറെ വിഷമിക്കുന്നു.
അതേസമയം, ബജറ്റ് വിമാനക്കന്പനികൾ ടിക്കറ്റ് നിരക്ക് കുറച്ചും മെച്ചപ്പെട്ട സൗകര്യങ്ങൾ നല്കിയും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നല്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യോമയാന മാർക്കറ്റിൽ അത്തരം കന്പനികൾ അതിവേഗം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുമെന്ന അഭ്യൂഹമുയർന്നെങ്കിലും ഇതേക്കുറിച്ച് അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.