ന്യൂഡൽഹി: ടെൻഡൻ സമർപ്പിക്കാനുള്ള അവസാനദിവസം ഇന്നലെയാണെന്നിരിക്കേ നഷ്ടക്കയത്തിലുള്ള എയർ എന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ആരും എത്തിയില്ല. ഇന്നലെ വൈകുന്നേരം അഞ്ചു വരെയായിരുന്നു താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന സമയം.
അതുവരെ ആരും താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നില്ലെങ്കിലും താത്പര്യപത്രം സമർപ്പിക്കാനുള്ള സമയം നീട്ടില്ലെന്ന് ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേ. ഈ മാസം 14 വരെയായിരുന്നു താത്പര്യപത്രം സമർപ്പിക്കാനുള്ള സമയം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് മാസാവസാനം വരെ നീട്ടുകയായിരുന്നു.
പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഇതുവരെ ആരും എത്താത്ത സാഹചര്യത്തിൽ ബദൽ സംവിധാനം കണ്ടെത്താനാണ് ഏവിയേഷൻ മന്ത്രാലയത്തിന്റെ തീരുമാനം. ഇത് കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ മന്ത്രിമാരുടെ സമിതി കണ്ടെത്തും.
സർക്കാർ ഉദ്ദേശിക്കുന്ന ശരിയായ വില ലഭിക്കാതെ എയർ ഇന്ത്യ എന്ന മഹാരാജയെ വിൽക്കില്ലെന്നു ചൗബേ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 50,000 കോടി രൂപയിലധികം കടബാധ്യതയുള്ള എയർ ഇന്ത്യയെ വിൽക്കാൻ കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. രണ്ടു മാസം മുന്പ് എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാമെന്ന പ്രഖ്യാപനമുണ്ടായി.
എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്ന ഒരേയൊരു കമ്പനി ഇൻഡിഗോയാണ്. എന്നാൽ, അന്താരാഷ്ട്ര സർവീസുകൾ ഏറ്റെടുക്കാനായിരുന്നു ഇൻഡിഗോയ്ക്കു താത്പര്യം. ഏറ്റെടുക്കുന്പോൾ എയർ ഇന്ത്യയുടെ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ ഉൾപ്പെടെ എല്ലാം ഏറ്റെടുക്കണമെന്ന നിബന്ധന മൂലം ഇൻഡിഗോ ഉദ്യമത്തിൽനിന്നു പിന്മാറി. ടാറ്റാ ഗ്രൂപ്പിനും ജെറ്റ് എയർവേസിനും ചില വിദേശകമ്പനികൾക്കും ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന വാർത്തകൾ വന്നെങ്കിലും തീരുമാനമുണ്ടായില്ല.