കോൽക്കത്ത: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാന യാത്രികർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ.
കോവിഡ് രോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്ര, കേരളം, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നേരത്തെ തന്നെ ബംഗാൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
ഇതിനൊപ്പമാണ് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.വിമാനയാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള ആർടി-പിസിആർ പരിശോധന റിപ്പോർട്ടാണ് വേണ്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ വിവരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചതായി സർക്കാർ പറഞ്ഞു.