ന്യൂഡൽഹി: റെയിൽവേ ടിക്കറ്റുകളിലും വിമാനത്താവളങ്ങളിലെ ബോർഡിംഗ് പാസുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ചതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു കാണിച്ചാണ് റെയിൽ, വ്യോമയാന മന്ത്രാലയങ്ങളോടു വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്.
രണ്ടിടത്തും ചട്ടലംഘനം നടന്നുവെന്നാണു പ്രാഥമിക നിഗമനമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രങ്ങൾ വ്യക്തമാക്കമാക്കി. പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച ടിക്കറ്റുകൾ വിറ്റഴിക്കുന്നതിനെതിരേ തൃണമൂൽ കോൺഗ്രസ് നേരത്തേ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച ടിക്കറ്റുകൾ പിൻവലിക്കാൻ റെയിൽവേ മന്ത്രാലയം കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് തയാറാക്കിയത്. ഇതിൽ ഏതാനും എണ്ണമാണു ബാക്കിയുള്ളത്. ടിക്കറ്റുകൾ പിൻവലിക്കണമെന്ന് 17 സോണൽ ഓഫീസുകൾക്കും നിർദേശം നൽകിയതായും റെയിൽവേ അറിയിച്ചു.
വിമാനത്താവളത്തിലെ ബോർഡിംഗ് പാസിലാകട്ടെ പ്രധാനമന്ത്രിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ചിത്രങ്ങളാണ് ചേർത്തിരിക്കുന്നത്. ചട്ടലംഘനമാണെങ്കിൽ ഇവ പിൻവലിക്കുമെന്ന് വ്യോമയാന മന്ത്രാലയവും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.