വലിയതുറ(തിരുവനന്തപുരം): മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. മുംബൈയില്‍നിന്നു പുലർച്ചെ 5.45ന് ടേക്ഓഫ് ചെയ്ത വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്.’
ബോംബ് ഭീഷണി എയര്‍ ട്രാഫിക് കണ്ട്രോളില് അറിയിച്ചത് പൈലറ്റാണ്. വിവരം ലഭിച്ചയുടന്‍ തന്നെ വിമാനത്താവളം അധികൃതര്‍ വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തുന്നതിനുളള തയാറെടുപ്പ് നിമിഷങ്ങള്ക്കുളളില്തന്നെ സജ്ജമാക്കുകയായിരുന്നു.വിമാനത്താവളത്തില്‍ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗിന് സൗകര്യമൊരുക്കിയ ഉടന്‍തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നു വിമാനം അടിയന്തരമായി ഇറക്കാന്‍ പൈലറ്റിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് രാവിലെ 7.55 ഓടുകൂടി വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി.
വിമാനം രാവിലെ 8.10നാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നേരത്തെതന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 136 യാത്രാക്കാരാണുണ്ടായിരുന്നത്. വിമാനം ഐസലേഷന്‍ വേയില്‍ എത്തിച്ച് യാത്രക്കാരെ ഇറക്കിയശേഷം ടാക്സി വേയിലേക്ക് മാറ്റി സുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചു.
വിമാനത്തില്‍ ഏത് തരത്തിലുളള ബോംബ് ഭീഷണിയാണ് ലഭിച്ചതെന്ന് വ്യക്തമല്ല. ഫോണ്‍ സന്ദേശമാണോ അതോ യാത്രക്കാരന് നടത്തിയ ഭീഷണിയാണോയെന്ന് അധികൃതര്‍ വിവരം പുറത്തുവിട്ടിട്ടില്ല. വ്യാജ ബോംബ് ഭീഷണിയാണോ ലഭിച്ചതെന്നും അധികൃതര്‍ പരിശോധിച്ച് വരുന്നു.
വിമാനത്താവളത്തിലെ ഫയര്‍ ഫോഴ്സ് വിഭാഗം , സിഐഎസ്എഫ്, വിമാനത്താവളം അധികൃതര്‍ എന്നിവരാണ് വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തുന്നതിന് സജീകരണങ്ങള്‍ ഒരുക്കിയത്. ബോംബ് സ്ക്വാഡും പരിശോധനയ്ക്കായി എത്തിയിരുന്നു.