ഒട്ടാവ: നവംബർ 19 മുതൽ എയർ ഇന്ത്യയിൽ പറക്കരുതെന്ന് ഖലിസ്ഥാനി തീവ്രവാദ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂണിന്റെ ഭീഷണി വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് കാനഡ. വീഡിയോകളിലെ മുന്നറിയിപ്പ് കാനഡയിലെ ഫെഡറൽ പോലീസ് അന്വേഷിക്കുന്നതായി ഗതാഗത മന്ത്രി പാബ്ലോ റോഡ്രിഗസ് അറിയിച്ചു.
തങ്ങൾ എല്ലാ ഭീഷണികളെയും ഗൗരവമായി കാണുന്നുവെന്നും പ്രത്യേകിച്ച് അവ എയർലൈനുകളെ സംബന്ധിച്ചുള്ളതാണെങ്കിൽ എറെ പ്രധാനമായി കരുതുന്നുവെന്നും അദ്ദേഹം ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നവംബർ 19ന് ശേഷം എയർ ഇന്ത്യയിൽ പറക്കരുതെന്നും നിങ്ങളുടെ ജീവൻ അപകടത്തിലായേക്കാമെന്നുമാണ് കഴിഞ്ഞ ആഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ പന്നൂൺ സിക്കുകാർക്ക് മുന്നറിയിപ്പ് നൽകിയത്.
ഇത് ഒരു ഭീഷണിയല്ല, മറിച്ച് ഇന്ത്യൻ ബിസിനസുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനമാണെന്നും അദ്ദേഹം കനേഡിയൻ മാധ്യമങ്ങളോട് പറഞ്ഞു.
കാനഡയിൽ ഏകദേശം 7.7 ലക്ഷം സിക്കുകാരുണ്ട്, അവർ മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനമാണ്.ജൂണിൽ വാൻകൂവറിന് സമീപം കനേഡിയൻ സിക്ക് നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബറിൽ ആരോപണം ഉന്നയിക്കുകയും കൊലപാതകവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിലും ഉലച്ചിൽ സംഭവിച്ചിരുന്നു.