ന്യൂഡൽഹി: തിരിച്ചുവരവിന്റെ പാതയിലുള്ള എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചതിനു പിന്നാലെ പുതിയ പദ്ധതി ഒരുക്കാൻ തയാറായി എയർ ഇന്ത്യ. യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനങ്ങളിലെ സീറ്റുകൾ കൂടുതൽ മികച്ചതാക്കാനാണ് തീരുമാനം.
ഇതിനായി മഹാരാജ ക്ലാസ് സീറ്റുകൾ അവതരിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ അഡംബര യാത്രാനുഭവം നല്കുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റമുണ്ടാകും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി അപ്ഗ്രേഡ് ചെയ്യും. ഇതോടൊപ്പം ക്രൂ അംഗങ്ങൾക്ക് പാശ്ചാത്യ രീതിയിലുള്ള പുതിയ യൂണിഫോമും ആവിഷ്കരിക്കാനാണ് തീരുമാനം.
ഈ മാറ്റങ്ങൾ അന്താരാഷ്ട്ര സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777, ബോയിംഗ് 787 വിമാനങ്ങളിലാണ് നടപ്പാക്കുക. വിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പ് ഇന്ന് അവതരിപ്പിക്കും.