കൊല്ലം: ചെന്നൈയിൽ നിന്ന് ജമ്മുകാശ്മീരിലേക്കും ശ്രീനഗറിലേയ്ക്കും വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ.
വിനോദ സഞ്ചാരികളുടെ യാത്രാ സൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഈ സർവീസുകൾക്ക് എയർ ഇന്ത്യ തുടക്കമിട്ടത്.
ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാരികൾക്ക് ഉത്തരേന്ത്യൻ മഞ്ഞുമലകളിലേയ്ക്ക് സുഗമവും സുരക്ഷിതവുമായ അവധിക്കാല യാത്രയാണ് ഇതുവഴി എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. മത്സരാധിഷ്ഠിതമായി ആഭ്യന്തര കണക്ടിവിറ്റി വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
പുതുതായി ആരംഭിച്ച സർവീസുകൾക്ക് ന്യൂഡൽഹിയിൽ ഒരു ലെ ഓവർ ആവശ്യമായി വരുമെങ്കിലും ചെന്നൈയിൽ നിന്ന് ജമ്മുവിലേക്കും ശ്രീനഗറിലേയ്ക്കും യാത്രക്കാർക്ക് ഒറ്റ ടിക്കറ്റ് ലഭിക്കുന്നതിന് തടസമൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. ചെന്നൈ- ജമ്മു സർവീസ് രാവിലെ ആറിന് പുറപ്പെട്ട് 8.50 ന് ഡൽഹിയിൽ എത്തും. അവിടുന്ന് രാവിലെ 11.30 ന് യാത്ര തിരിച്ച് ഉച്ചയ്ക്ക് 12.05ന് ജമ്മുവിൽ എത്തും.
മടക്കയാത്രയിൽ ജമ്മുവിൽ നിന്നുള്ള വിമാനം ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെട്ട് വൈകുന്നേരം 5.15-ന് ഡൽഹിയിൽ എത്തും. അവിടുന്ന് രാത്രി എട്ടിന് പുറപ്പെട്ട് 10.50ന് ചെന്നൈയിൽ എത്തും.ചെന്നൈയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വിമാനം രാവിലെ ആറിന് പുറപ്പെട്ട് 8.50ന് ഡൽഹിയിലെത്തും. തുടർന്ന് രാവിലെ 10.5 ന് അവിടെ നിന്ന് പുറപ്പെട്ട് 11.50 ന് ശ്രീനഗറിൽ എത്തും.
തിരികെയുള്ള വിമാനം ഉച്ചയ്ക്ക് 1.45 ന് ശ്രീനഗറിൽ നിന്ന് യാത്ര തിരിച്ച് ഉച്ചകഴിഞ്ഞ് 3.35 ന് ഡൽഹിയിൽ എത്തും. അവിടെ നിന്ന് വൈകുന്നേരം 5.25 ന് പുറപ്പെടുന്ന വിമാനം രാത്രി 8.20 ന് ചെന്നൈയിൽ എത്തും.ചെന്നൈയിൽ നിന്ന് ഡൽഹി വരെ ഒരു വിമാനവും അവിടുന്ന് ജമ്മുവിലേയ്ക്കും ശ്രീനഗറിലേയ്ക്കും മറ്റൊരു വിമാനവുമായിരിക്കും സർവീസ് നടത്തുക. തിരികെയുള്ള സർവീസും ഓപ്പറേറ്റ് ചെയ്യുന്നത് സമാനമായ രീതിയിലാണ്.
ചെന്നൈയിൽ നിന്ന് ചെക്ക് ഇൻ ചെയ്ത യാത്രക്കാരുടെ ബാഗേജുകൾ ന്യൂഡൽഹിയിൽ വീണ്ടും പരിശോധിക്കാതെ തന്നെ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇത് തടസ രഹിതമായ യാത്രാനുഭവം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
- എസ്.ആർ. സുധീർ കുമാർ