വി.വി.ഐ.പികളുടെ യാത്രാ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ളത് 325 കോടി രൂപ! ബില്‍ തുക നല്‍കേണ്ടത്, പ്രധാനമന്ത്രിയുടെ ഓഫീസും ക്യാബിനറ്റ് സെക്രട്ടറിയേറ്റും

രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും ധൂര്‍ത്തും വലിയ രീതിയില്‍ ചര്‍ച്ചയാവുന്ന കാലഘട്ടമാണിത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നേതാക്കള്‍ ജനങ്ങളോട് മുണ്ടുമുറുക്കി ജീവിക്കാന്‍ ഉപദേശിച്ച ശേഷം ധൂര്‍ത്തരായി ജീവിക്കുന്നത് പരസ്യമായ രഹസ്യമാണ്. ഇതിന് ഏറ്റവും പുതിയ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വി.വി.ഐ.പികളുടെ യാത്രാ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ളത് 325 കോടി രൂപയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വി.വി.ഐ.പികളുടെ വിദേശ സന്ദര്‍ശനം അടക്കമുള്ള യാത്രകള്‍ക്ക് ചാര്‍ട്ടേഡ് ഫ്ളൈറ്റ് ലഭ്യമാക്കിയ വകയിലാണ് ഈ തുക നല്‍കാനുള്ളത്. 2018 ജനുവരി 31 വരെയുള്ള ബില്ലിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍ വര്‍ഷത്തെ ബാക്കി നില്‍ക്കുന്ന തുകയായ 84.01 കോടി രൂപ ഉള്‍പ്പെടെ 325.81 കോടി രൂപയാണ് ആകെ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ വി.വി.ഐ.പികളുടെ വിദേശ യാത്രയ്ക്ക് എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ക്യാബിനറ്റ് സെക്രട്ടറിയേറ്റുമാണ് എയര്‍ ഇന്ത്യയുടെ ബില്‍ തുക നല്‍കേണ്ടത്. വിദേശകാര്യ മന്ത്രാലയമാണ് ഏറ്റവുമധികം തുക എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ളത്. 178.55 കോടി രൂപ. ക്യാബിനറ്റ് സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടെ ഓഫീസും ചേര്‍ന്ന് 128.84 കോടി രൂപ നല്‍കാനുണ്ട്. പ്രതിരോധ മന്ത്രാലയം 18.42 കോടി രൂപയും നല്‍കാനുണ്ട്.

 

Related posts