കോട്ടയം: സാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവ്.
കോട്ടയം ഉദയനാപുരം തെനാറ്റ് ആന്റണി നല്കിയ പരാതിയിലാണ് വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്. ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായുളള ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന് ഉത്തരവ്.
2018 ഓഗസ്റ്റ് 28ന് ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഓഗസ്റ്റ് 25ന് കൊച്ചിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ ആന്റണി ടിക്കറ്റ് ബുക്ക് ചെയ്തത്.
കൊച്ചിയില്‍നിന്നു യാത്ര ചെയ്യാനാവാതെ വന്നതോടെ ആന്റണി ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ബര്‍മിംഗ്ഹാമിലേക്കുള്ള ടിക്കറ്റ് വാങ്ങി.
ബ്രിട്ടനിൽ സ്ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍കാലം ബ്രിട്ടന് പുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ യാത്ര വിലക്കി.
പിന്നീടു കൊച്ചിയിലേക്ക് മടങ്ങിയ ആന്റണി തൊട്ടടുത്ത ദിവസം കൊച്ചിയില്‍നിന്നു ഖത്തര്‍ എയര്വേയ്സില് യാത്ര ചെയ്ത് ഖത്തര്‍ വഴി മാഞ്ചസ്റ്ററിലും പിന്നീട് റോഡ് മാര്‍ഗം ബര്‍മിംഗ്ഹാമിലും എത്തിയെന്നും അപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞുവെന്നുമായിരുന്നു പരാതി.
എയര്‍ ഇന്ത്യ നിരസിച്ച യാത്രാ പെര്‍മിറ്റ് ഉപയോഗിച്ചാണ് ആന്റണി കൊച്ചിയില്‍നിന്നു ഖത്തര്‍ എയര്വേയ്സില് യാത്ര ചെയ്തതെന്നു പരാതി പരിശോധിച്ച ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് വിലയിരുത്തി.
മതിയായ യാത്രാരേഖകളും സാധുവായ ടിക്കറ്റും ഉണ്ടായിരുന്ന ആന്റണിക്ക് അന്യായമായ കാരണങ്ങള്‍ നിരത്തി യാത്രാനുമതി നിഷേധിച്ചത് എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ സേവന ന്യൂനതയാണെന്ന് കമ്മീഷന് കണ്ടെത്തി.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതിലുള്ള മാനസിക ബുദ്ധിമുട്ടിനും കഷ്ടപ്പാടുകള്‍ക്കും ആന്റണിക്ക് എയര്‍ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന് ഉത്തരവിടുകയായിരുന്നു.