മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്കു മൂട്ടകടി. കഴിഞ്ഞ ആഴ്ച യുഎസിലെ ന്യുവാർക്കിൽനിന്നു മുംബൈയിലേക്കു വന്ന വിമാനത്തിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന ഒരു കുട്ടിയാണ് മൂട്ടകടിയെ സംബന്ധിച്ച് ആദ്യമായി പരാതിപ്പെടുന്നത്. ഇതേതുടർന്ന് സമാനപരാതിയുമായി മറ്റു യാത്രക്കാരും രംഗത്തെത്തി. ഇതേതുടർന്ന് വിമാനം ഡൽഹിയിലേക്കു പുറപ്പെടുന്നതു വൈകി.
എല്ലാ സീറ്റുകളിലും മൂട്ടശല്യമുണ്ടായിരുന്നെന്നും എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ ഈ പിഴവ് സംഭവിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും വിമാനത്തിലെ പ്രവീണ്‍ ടോണ്സെകർ എന്ന യാത്രക്കാരൻ ട്വീറ്റ് ചെയ്തു.
മൂട്ടകടിയെ തുടർന്ന് തന്റെ ഭാര്യയും കുട്ടിയും വിമാനത്തിന്റെ ഇക്കണോമി ക്ലാസിലാണ് ഭൂരിഭാഗവും യാത്ര ചെയ്തതെന്നും പൊട്ടിയ മേശകളും മോശം ടിവിയുമാണ് ഈ സീറ്റിലുണ്ടായിരുന്നതെന്നും പ്രവീണ്‍ പരാതിപ്പെട്ടു. എയർഇന്ത്യയെയും വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെയും ടാഗ് ചെയ്താണു ട്വീറ്റ്.
സംഭവത്തിൽ എയർ ഇന്ത്യ ഇതേവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹിയിൽനിന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കു പോയ എയർ ഇന്ത്യ വിമാനത്തിൽ എലി കയറിക്കൂടിയിരുന്നു. ഇതേതുടർന്ന് വിമാനം ഒന്‍പതു മണിക്കൂറാണ് അന്നു വൈകിയത്.