മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇന്നു വിദേശത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാന സർവീസുകൾ റദ്ദാക്കി. പുലർച്ചെ ദമാമിലേക്കും രാവിലെ 9.20 ന് അബുദാബിയിലേക്കും പോകണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകളാണ് റദ്ദാക്കിയത്.
രണ്ടു ദിവസങ്ങളായി നടത്തിയ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പൂർണമായും പുനഃരാരംഭിക്കാനായില്ല. തിങ്കളാഴ്ചയോടെ മാത്രമേ വിമാന സർവീസ് പതിവുപോലെയാകുകയുള്ളുവെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു.
സമരം അവസാനിച്ച ശേഷം വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എട്ട് സർവീസുകൾ റദ്ദാക്കിയിരുന്നു. ദുബായ്, അബുദാബി, ഷാർജ, ദമാം, മസ്ക്കറ്റ്, റിയാദ്, റാസൽഖൈമ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. അഞ്ചിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള സർവീസും റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഷാർജയിലേക്കും രാത്രി എട്ടിന് ദുബായിലേക്കുമുള്ള സർവീസുകളാണ് നടത്തിയത്.
പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കാലതാമസവും സാങ്കേതിക തടസങ്ങളുമാണ് സർവീസുകളെ ബാധിച്ചത്. 13 ഓടെ മാത്രമേ സർവീസുകൾ പൂർണതോതിൽ പുനഃരാരംഭിക്കാൻ കഴിയുകയുള്ളൂവെന്നാണ് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചത്.സർവീസുകൾ റദ്ദാക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചതിനാൽ കൂടുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല.