മസ്കറ്റ്: ഒമാനിൽനിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നു മസ്കറ്റിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണു ജൂൺ ഏഴുവരെ റദ്ദാക്കിയത്. ജൂൺ ഒന്ന് വരെയുള്ള പല സർവീസുകളും നേരത്തെ റദ്ദാക്കിയിരുന്നു.
ജൂൺ 2, 4, 6, ദിവസങ്ങളിൽ കോഴിക്കോട് നിന്നു മസ്കറ്റിലേക്ക് സർവീസുണ്ടാകില്ല. ജൂൺ 3, 5, 7 ദിവസങ്ങളിലെ മസ്കറ്റ് -കോഴിക്കോട് സർവീസുകളും റദ്ദാക്കി. ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ കണ്ണൂരിൽനിന്നു മസ്കറ്റിലേക്കും തിരിച്ചും സർവീസുണ്ടാകില്ല. തിരുനന്തപുരത്തുനിന്നു മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളെയും പുതിയ തീരുമാനം ബാധിക്കും.
ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ തിരുവനന്തപുരം- മസ്കറ്റ് സർവീസ് ഉണ്ടാകില്ലെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ബലിപെരുന്നാൾ ആഘോഷത്തിനും കേരളത്തിൽ അധ്യയന വർഷം ആരംഭിക്കുന്നത് കണക്കാക്കിയും യാത്ര പ്ലാൻ ചെയ്തവർക്ക് കനത്ത തിരിച്ചടിയാകും ഇത്.