ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രികയ്ക്ക് മേല്‍ സഹയാത്രികൻ മൂത്രമൊഴിച്ച സംഭവം പുറത്തായതിനു പിന്നാലെ സമാനമായ മറ്റൊരു അതിക്രമം കൂടി വെളിച്ചത്തേക്ക്.
എയർ ഇന്ത്യയുടെ പാരീസ്-ഡൽഹി വിമാനത്തിൽ യാത്രക്കാരിയുടെ പുതപ്പിൽ മദ്യപൻ മൂത്രമൊഴിക്കുകയായിരുന്നു. ഡിസംബർ ആറിനായിരുന്നു സംഭവം.
യാത്രക്കാരൻ രേഖാമൂലം ക്ഷമാപണം നടത്തിയതിനാൽ ശിക്ഷാ നടപടികൾ ഉണ്ടായില്ല. എയർ ഇന്ത്യ 142 വിമാനത്തിലായിരുന്നു അതിക്രമം ഉണ്ടായത്.
പൈലറ്റ് വിവരം ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ അധികൃതരെ അറിയിച്ചു.
പിന്നാലെ അതിക്രമം പ്രവർത്തിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾ ഏത് ക്ലാസിലാണ് യാത്ര ചെയ്തതെന്ന വിവരം അറിവായിട്ടില്ല.
വിമാനം ഡിസംബർ ആറിന് രാവിലെ 9.40 ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടിയത്.
മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ നിർദേശങ്ങൾ അനുസരിച്ചിരുന്നില്ല. യാത്രിക്കാരിയുടെ പുതപ്പിൽ ഇയാൾ മൂത്രമൊഴിക്കുകയും ചെയ്തു.
വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ യാത്രക്കാരനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) പിടികൂടി.
എന്നാൽ രണ്ട് യാത്രക്കാരും പരസ്പരം ഒത്തുതീർപ്പിലെത്തി, അക്രമി രേഖാമൂലം ക്ഷമാപണം നടത്തിയതിനാൽ പോകാൻ അനുവദിച്ചു.
ആദ്യം രേഖാമൂലം പരാതി നൽകിയ യാത്രക്കാരി പിന്നീട് കേസ് ഫയൽ ചെയ്യാൻ വിസമ്മതിച്ചു- അധികൃതർ അറിയിച്ചു.
നവംബർ 26-ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വ്യവസായി സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ അതിക്രമം ഉണ്ടായത്.