പൊതുമേഖല വിമാനക്കന്പനിയായ എയർ ഇന്ത്യ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾക്ക് 45 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചത് തിങ്കളാഴ്ചയാണ്. ഇതിനു പിന്നാലെ എയർ ഇന്ത്യ വിമാനങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് പൈലറ്റുമാരുടെ സംഘടന രംഗത്തെത്തി.
എയർ ഇന്ത്യയുടെ എയർബസ് എ321 വിമാനങ്ങളിൽ 40 ശതമാനവും വേണ്ടത്ര പരിപാലനം ഇല്ലാത്തതിനാൽ കട്ടപ്പുറത്താണെന്നാണ് ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ) എയർ ഇന്ത്യയുടെ ചെയർമാന് അയച്ച കത്തിൽ പറയുന്നത്.
സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, ആലോചനയില്ലായ്മ, ഏകോപനമില്ലായ്മ, സാന്പത്തികപ്രതിസന്ധി തുടങ്ങിയവ മൂലം എയർ ഇന്ത്യാ വിമാനങ്ങളുടെ പരിപാലനം കൃത്യമായി നടക്കുന്നില്ലെന്ന് ഐസിപിഎ ജനറൽ സെക്രട്ടറി ദീപാങ്കർ ഗുപ്ത പറഞ്ഞു.
പ്രധാനമായും എയർബസ് എ321 വിമാനങ്ങളാണ് സർവീസിന് യോഗ്യമല്ലാത്ത അവസ്ഥയിലായിരിക്കുന്നത്. എയർഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 20 എയർബസ് എ321 വിമാനങ്ങളിൽ 12 എണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ.
കാര്യമായ ശ്രദ്ധയുണ്ടായില്ലെങ്കിൽ ഈ വിമാനങ്ങളുടെ അവസ്ഥയും പരിതാപകരമാകുമെന്നാണ് ഐസിപിഎയുടെ മുന്നറിയിപ്പ്. കൂടുതൽ സീറ്റിംഗ് കപ്പാസിറ്റിയുള്ളതിനാൽ യാത്രക്കാരുടെ എണ്ണം കൂടുതലുള്ള ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്താൻ ഉപയോഗിക്കുന്നത് എയർബസ് എ321 വിമാനങ്ങളാണ്. ഈ സാഹചര്യത്തിൽ വിമാനങ്ങൾ സർവീസ് നടത്താതിരുന്നാൽ സർക്കാരിനും കമ്പനിക്കും കനത്ത നഷ്ടം വരും. ഇതൊരു ക്രിമിനൽ കുറ്റമാണെന്നും കത്തിൽ ആരോപിക്കുന്നു.
എയർബസ് എ321 വിമാനങ്ങളെക്കൂടാതെ 22 എ319 വിമാനങ്ങളിൽ നാലെണ്ണവും പണിമുടക്കിലാണ്. ബോയിംഗ് 777 വിമാനങ്ങളുടെ കാര്യവും കഷ്ടത്തിൽത്തന്നെ 14 ബോയിംഗ് ബി777-300 വിമാനങ്ങളിൽ അഞ്ചെണ്ണം സർവീസ് നടത്താനാവാതെ നിലത്താണ്.