നെടുമ്പാശേരി(കൊച്ചി): ലണ്ടനില്‍ കുടുങ്ങിക്കിടന്ന 189 മലയാളികളെ കൊച്ചിയിലെത്തിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനില്‍നിന്നു മുംബൈ വഴി ഇന്ന് രാവിലെ 7.10 നാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. ഈ വിമാനത്തില്‍ 300 യാത്രികരാണ് ഉണ്ടായിരുന്നത്.
ഇതില്‍ 111 പേര് മുംബൈയിലിറങ്ങി. ബാക്കിയുള്ള 189 യാത്രികരാണു നെടുമ്പാശേരിയിലിറങ്ങിയത്. ഇവരെ പരിശോധനകള്‍ക്കുശേഷം വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ നേരത്തേ സ്വീകരിച്ചിരുന്നു.
ദുബായില്‍നിന്ന് ഇന്ന് രാത്രി 8.40 ന് മറ്റൊരു വിമാനംകൂടി കൊച്ചിയിലെത്തും. ഇന്നലെ കോലാലംപൂരില്‍നിന്നും ദമാംമില്നിന്നും മലയാളികള്‍ കൊച്ചിയിലെത്തിയിരുന്നു. ദമാം-കൊച്ചി വിമാനത്തില്‍ 142 യാത്രക്കാരാണുണ്ടായിരുന്നത്.
ഇതില്‍ 55 പേര് പുരുഷന്മാരും 87 പേര് സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 16 കുട്ടികളും 43 ഗര്‍ഭിണികളും രണ്ട് മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്നു. ഇതില്‍ 48 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 93 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ ഒരാളെ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. കോലാലംപൂര്‍ – കൊച്ചി വിമാനത്തില്‍ 178 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 142 പേര് പുരുഷന്മാരും 36 പേര് സ്ത്രീകളുമാണ്.
പത്ത് വയസില്‍ താഴെയുള്ള ഏഴ് കുട്ടികളും 11 ഗര്‍ഭിണികളും നാല് മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്നു. ഇവരില്‍ 145 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 33 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.