തലശേരി: കൈക്കുഞ്ഞുമായി യാത്രനടത്തിയ വ്യവസായപ്രമുഖയായ യുവതിക്കു വിമാന യാത്രയിൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള വിമാന ജീവനക്കാരിൽ നിന്നും കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതായി പരാതി. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലന്റെ ബിസിനസ് പങ്കാളിയും ഫ്ലവേഴ്സ് ചാനൽ വൈസ് ചെയർമാനും ദുബൈ, ശ്രീലങ്ക, തമിഴ്നാട്, ഖത്തർ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിഇഒയുമായ കണ്ണൂർ മുണ്ടയാട് എളയാവൂർ സ്വദേശിനി വി.വി പറമ്പിൽ ഡോ. വിദ്യാ വിനോദിനാണ് എയർഇന്ത്യാ എക്സ്പ്രസിൽ നിന്നും ക്രൂരമായ മാനസിക പീഡനമുണ്ടായത്.
രോഗബാധിതതയായ 14 മാസം പ്രായമായ കൈക്കുഞ്ഞുമായിട്ടാണു ശനിയാഴ്ച ഉച്ചയ്ക്കു 12.30 ന് ഷാർജ എയർപോർട്ടിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിന്റെ IX 744 നമ്പർ വിമാനത്തിൽ സ്വന്തംനാടായ കണ്ണൂരിലേക്കു ഡോ.വിദ്യ യാത്ര ചെയ്യാനെത്തിയത്.
വിമാനത്തിലെ ഒന്നാം നമ്പർ ടിക്കറ്റായിരുന്നു ഡോ. വിദ്യ എടുത്തിരുന്നത്. കുഞ്ഞിനെയുമെടുത്തു വിമാനത്തിന്റെ വാതിലിൽ എത്തിയ ഡോ.വിദ്യ 45 മിനിറ്റ് ക്യൂവിൽ നിന്ന ശേഷം വിമാനത്തിനുള്ളിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ വാതിലിൽ നിന്ന എയർ ഹോസ്റ്റസ് തടയുകയും ക്യൂവിൽ ഏറ്റവും പിന്നിൽ പോയി നിൽക്കാൻ നിർദേശിക്കുകയും ചെയ്തു.
കുട്ടിക്കു സുഖമില്ലെന്നും ഇരിക്കാൻ അനുവദിക്കണമെന്നും അപേക്ഷിച്ചെങ്കിലും അവർ അനുവദിച്ചില്ലെന്നു ഡോ. വിദ്യ രാഷ്ട്രദീപികയോടു പറഞ്ഞു. ഒടുവിൽ സീറ്റിലിരുന്ന തന്നെ ക്യാപ്റ്റനുൾപ്പെടെയുള്ള ജീവനക്കാർ മറ്റു യാത്രക്കാരുടെ മുന്നിൽവച്ച് അപമാനിച്ചു. ലഗേജുകൾ ഒന്നും ഇല്ലാതിരുന്ന തന്നെ ബുദ്ധി മുട്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുട്ടിയെ ഇരുത്തുന്ന ട്രോളി ക്യാപ്റ്റൻ ഇടപെട്ടു തന്റെ അടുത്തു നിന്നും ലഗേജിലേക്കുമാറ്റുകയും ചെയ്തു.
കണ്ണൂരിൽ ഇറങ്ങിയാൽ ഏറ്റവും അവസാനം മാത്രമേ തനിക്കുട്രോളി ലഭിക്കാവൂവെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ക്യാപ്റ്റൻ ജീവനക്കാർക്കു ഷാർജ എയർപോർട്ടിൽവച്ചു തന്നെ പരസ്യമായി നിർദേശം നൽകുകയും ചെയ്തു. കുട്ടിയെ ഇരുത്തുന്ന ട്രോളി വിമാനത്തിനുള്ളിൽ കൊണ്ടു പോകുന്നതിനു നിയമപരമായി തടസമില്ലെന്നു സ്ഥലത്തെത്തിയ ഷാർജ വിമാനത്താവളത്തിലെ ജീവനക്കാർ പറഞ്ഞെങ്കിലും ക്യാപ്റ്റൻ ചെവി കൊണ്ടില്ല.
തന്റെ വിമാനത്തിൽ എന്തുകൊണ്ടു പോകണമെന്നു താൻ തീരുമാനിക്കുമെന്നു ക്യാപ്റ്റൻ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു. കണ്ണൂർ എയർപോർട്ടിൽ മണിക്കൂറുകൾ കാത്തുനിന്ന വിദ്യയ്ക്ക് ഒടുവിൽ തകർന്ന ട്രോളിയാണു തിരിച്ചുകിട്ടിയത്. സാധാരണ കൈക്കുഞ്ഞുമായി എത്തുന്നവരേയും വീൽചെയറിലെത്തുന്നവരേയും ആദ്യം വിമാനത്തിൽ കയറ്റുകയാണു പതിവ്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിനത്തിൽ ആദ്യവിമാനത്തിലെ യാത്രക്കാരിയും ലോകം മുഴുവൻ വിമാന യാത്ര നടത്തുകയും ചെയ്ത തനിക്കു ശനിയാഴ്ചത്തെ ഷാർജ – കണ്ണൂർ യാത്ര ഒരിക്കലും മറക്കാനാകാത്ത ദുരിതയാത്രയായിമാറിയെന്നു ഡോ. വിദ്യ പറഞ്ഞു. യാത്രയ്ക്കായി രണ്ടു വിമാനത്താവളങ്ങളിൽ കയറാനും ഇറക്കാനും വിമാനത്തിനകത്തേക്കും പുറത്തേക്കുമുള്ള വാതിലിനു മുന്നിൽ കാത്തുനിന്നതു മണിക്കൂറുകളായിരുന്നു.
സംഭവത്തിൽ ഡോ. വിദ്യ എയർഇന്ത്യ അധികൃതർക്കു പരാതി നൽകി. ഡോ. വിദ്യ വിനോദിനുണ്ടായ ദുരനുഭവത്തിനു കാരണക്കാരായ വിമാന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ജീവനക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ആദ്യവിമാന യാത്രാ സംഘത്തിലെ അംഗമായ ഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് കെ.എസ്.എ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കേന്ദ്ര വ്യാമയാനമന്ത്രിക്കും പരാതി നൽകി.