ന്യൂഡൽഹി: നഷ്ടക്കയത്തിൽ ഉഴലുന്ന എയർ ഇന്ത്യയെ കരകയറ്റാൻ മുന്നോട്ടുവച്ച 30,000 കോടി രൂപയുടെ സഹായപദ്ധതി കേന്ദ്ര ധനമന്ത്രാലയം തള്ളി. കടം കുറയ്ക്കാനും ജീവനക്കാരുടെ ശന്പളം നല്കുന്നതിനുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടവച്ച സഹായപദ്ധതിയാണ് തള്ളിയത്.
കടത്തിൽ മുങ്ങിനിൽക്കുന്ന പൊതുമേഖലാ വിമാനക്കന്പനിക്ക് എത്ര ഫണ്ട് നല്കിയാലും പ്രയോജനമില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, മുന്നിലുള്ളത് തെരഞ്ഞെടുപ്പുവർഷമായതിനാൽ മറ്റു വിഭാഗങ്ങളിലേക്കു കൂടുതൽ തുക വകയിരുത്തണം. ഇൻഫ്രാസ്ട്രക്ചർ, കാർഷികമേഖല തുടങ്ങിയവയ്ക്കാണ് ധനമന്ത്രാലയം ഏറെ പ്രാധാന്യം നല്കുന്നത്.
എന്നാൽ, എയർ ഇന്ത്യയുടെ എൻജിനിയറിംഗ് ആൻഡ് ഗ്രൗണ്ട് ഹാൻഡ്ലിംഗ് സബ്സിഡിയറി കമ്പനികളായ എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസസ് ലിമിറ്റഡ് (എഐഇഎസ്എൽ), എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ് (എഐഎടിഎസ്എൽ) എന്നിവ വിൽക്കാനുള്ള നീക്കങ്ങളും കേന്ദ്രസർക്കാർ നടത്തുന്നുണ്ട്.