ന്യൂഡൽഹി: മദ്യപിച്ചു വിമാനം പറത്താനെത്തിയ എയർ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ പിടിയിൽ. ന്യൂഡൽഹിയിൽനിന്നു ലണ്ടനിലേക്കുള്ള ബോയിംഗ് 787 ഡ്രീം ലൈനർ വിമാനത്തിന്റെ കമാൻഡായ ക്യാപ്റ്റൻ അരവിന്ദ് കത്പാലിയയാണ് ബ്രത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടത്. ഇയാൾക്കെതിരേ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം തുടങ്ങി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിമാനം പുറപ്പെടാൻ ഒരുങ്ങവെയാണ് പൈലറ്റ് അനുവദനീയമായതിൽ കൂടുതൽ അളവിൽ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായി ഡോക്ടർ അറിയിച്ചത്. മുന്പ് പൈലറ്റിനെ പരിശോധിച്ചിരുന്നെങ്കിലും ഉപകരണത്തിനു തകരാർ സംഭവിച്ചതിനാൽ വ്യക്തമായിരുന്നില്ലെന്നും ഡോക്ടർ അറിയിച്ചു. ഇതേതുടർന്ന് അധികൃതർ ഈ പൈലറ്റിനെ തിരിച്ചുവിളിച്ചു.
ഒരു മണിക്കൂറിനുശേഷം മറ്റൊരു പൈലറ്റിനെ വിളിച്ചുവരുത്തി വിമാനം പുറപ്പെട്ടു. ഡിജിസിഎ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ കത്പാലിയയ്ക്ക് മൂന്നു വർഷം വിലക്ക് ലഭിച്ചേക്കാം. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂറിനുള്ളിൽ പൈലറ്റുമാർക്ക് മദ്യപിക്കുന്നതിനു വിലക്കുണ്ട്. എല്ലാം യാത്രയ്ക്കു മുന്പും ബ്രത്ത് അനലൈസർ പരിശോധനയ്ക്കു വിധേയമാകണമെന്നും നിയമമുണ്ട്.
മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ വരെ വിമാനം പറത്തിയിട്ടുള്ള പൈലറ്റാണ് കത്പാലിയ. ഇത് രണ്ടാം തവണയാണ് ഇയാൾ ബ്രത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെടുന്നത്.