റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനായി ന്യൂഡല്‍ഹിയില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്കു പോയ എയര്‍ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിമാനം തിരികെ വിളിച്ചു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി യാത്രയായ വിമാനത്തിലെ പൈലറ്റിനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോടെ ന്യൂഡല്‍ഹിയില്‍നിന്നു തിരിച്ച വിമാനമാണു തിരികെവിളിച്ചത്.
ജോലിക്കാര്‍ മാത്രമാണു വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റിന്റെ സ്രവപരിശോധനാഫലം പോസിറ്റീവാണെന്നു വ്യക്തമായ സാഹചര്യത്തില്‍ ദൗത്യം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ച വിമാനം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തി.
പൈലറ്റിനെ ആശുപത്രിയിലാക്കുകയും ജോലിക്കാര്‍ അടക്കമുള്ളവരെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായും അധികൃതര്‍ പറഞ്ഞു.
പൈലറ്റുമാര്‍ ഉള്‍പ്പെടെ നിരവധി വിമാനജീവനക്കാര്‍ക്കാണ് ഇന്ത്യയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വിമാനജോലിക്കാര്‍ക്കായി ഡല്‍ഹിയില്‍ മാത്രം പ്രതിദിനം ഇരുനൂറോളം കോവിഡ് പരിശോധനകളാണ് നടക്കുന്നത്.
പൈലറ്റിന്റെ പരിശോധനാഫലം ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് ഇന്നലത്തെ സംഭവത്തിനു വഴിവച്ചതെന്നു സൂചനകളുണ്ട്. അന്വേഷണത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.