ന്യൂഡൽഹി: ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഭാവി സർക്കാർ തീരുമാനിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി സുരേഷ് പ്രഭു. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അധ്യക്ഷനായ എയർ ഇന്ത്യ സ്പെസിഫിക് ഓൾട്ടർനേറ്റീവ് മെക്കാനിസം (ഐസാം) എന്ന സമിതി അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യും.
ധനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരാണ് സമിതിയിലെ അംഗങ്ങൾ.ഇടപാടുകാരെ ആകർഷിക്കുന്നതിനായി നിബന്ധനകളിൽ ഇളവ് വരുത്താൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മന്ത്രിതല ചർച്ചകൾക്കുശേഷമേ തീരുമാനമുണ്ടാകൂ.
നിലവിൽ നിരവധി മാർഗങ്ങൾ എയർ ഇന്ത്യയെ വിൽക്കുന്ന കാര്യത്തിലുണ്ടെന്ന് സുരേഷ് പ്രഭു പറഞ്ഞു. എന്നാൽ, ചർച്ചകൾക്കുശേഷം ഏറ്റവും കൂടുതൽ സാധ്യതയുള്ള വില്പന മാർഗം കണ്ടെത്താനാണ് തീരുമാനം.എയർ ഇന്ത്യയെ വാങ്ങുന്നതിനായി താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 31 ആയിരുന്നു. എന്നാൽ, വാങ്ങാൻ താത്പര്യമറിയിച്ച് ആരും മുന്നോട്ടുവന്നില്ല. കമ്പനിയുടെ 76 ശതമാനം ഓഹരികൾ സ്വകാര്യ കമ്പനികൾക്കു വിൽക്കാനായിരുന്നു തീരുമാനം.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇതു രണ്ടാം തവണയാണ് വില്പനയ്ക്കുവച്ച എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാൻ ആരും മുന്നോട്ടുവരാത്തത്. 2001ൽ എൻഡിഎ ഗവൺമെന്റിന്റെ കാലത്തായിരിന്നു മുന്നോട്ടുവച്ച ഓഹരിവില്പന വാങ്ങാൻ ആരുമെത്താത്തതിനെത്തുടർന്ന് ഉപേക്ഷിച്ചത്.