റ്റി.സി. മാത്യു
ചരിത്രം ഒരു ചക്രം പൂർത്തിയാക്കുമോ? എയർ ഇന്ത്യ വീണ്ടും ടാറ്റായുടേതാകുമോ? അതോ നവസംരംഭകരായ രാകേഷ് ഗാംഗ്വാളിന്റെയും രാഹുൽ ഭാട്ടിയയുടെയും ഇൻഡിഗോയുടെ ഭാഗമാകുമോ? അതോ തുർക്കി കന്പനിയായ സെലെബി ഏവിയേഷന്റെ ഭാഗമാകുമോ? ആരാകും എയർ ഇന്ത്യയെ സ്വന്തമാക്കുക.
ഇന്നലെ കേന്ദ്ര കാബിനറ്റ് കൈക്കൊണ്ട തീരുമാനം വ്യക്തമാണ്. എയർ ഇന്ത്യയെ ഗവൺമെന്റ് വിറ്റൊഴിയുന്നു. ആദ്യഘട്ടത്തിൽ 49 ശതമാനം ഓഹരി വിൽക്കും. കന്പനിയുടെ നിയന്ത്രണം ഇന്ത്യൻ പൗരന്മാരുടെ കൈയിൽ തുടരുന്ന വിധമാകും ഈ ഓഹരിവില്പന എന്നാണു ഗവൺമെന്റ് പറഞ്ഞത്. അതായതു വിദേശ വിമാന കന്പനി 49 ശതമാനം ഓഹരി വാങ്ങിയാലും എയർ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഇന്ത്യക്കാരായിരിക്കും.
മുഴുവൻ വിറ്റുമാറും
ഇതു തുടക്കം മാത്രം. കുറച്ചുകാലം കഴിയുന്പോൾ വിദേശിയോ സ്വദേശിയോ ആയ പങ്കാളിക്കു ഭൂരിപക്ഷം അനുവദിക്കും. ഏതെങ്കിലും വർഷം ധനകമ്മി കുറയ്ക്കാനായി എയർ ഇന്ത്യയുടെ ബാക്കി ഓഹരിയും ഗവൺമെന്റ് വിറ്റു പണം വാങ്ങും.
വാജ്പേയി സർക്കാരിന്റെ കാലത്ത് ഐടിഡിസി ഹോട്ടലുകൾ വിറ്റതുപോലെയാകും ഇത്. അല്ലെങ്കിൽ എൻഡിഎ സർക്കാർ ഭാരത് അലൂമിനിയം കന്പനിയും നാഷണൽ അലൂമിനിയം കന്പനിയും ഒന്നിപ്പിച്ച് ഒടുവിൽ അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പിനു കൊടുത്തതുപോലെയാകും ഇത്.
1953-ൽ എയർ ഇന്ത്യയെ ജെആർഡി ടാറ്റയിൽനിന്നു വാങ്ങി പൊതുമേഖലാ കന്പനിയാക്കി. പിന്നീട് ആഭ്യന്തര സർവീസ് ഇന്ത്യൻ എയർലൈൻസ് എന്ന കന്പനിയിലേക്കു മാറ്റി. 2007-ൽ എയർലൈൻസിനെ എയർ ഇന്ത്യയിൽ ലയിപ്പിച്ചു. ഇപ്പോൾ സംയുക്ത കന്പനി വില്ക്കുന്നു. അതു വാങ്ങാൻ ടാറ്റാ ഗ്രൂപ്പും രംഗത്തുണ്ട്.
വാങ്ങാൻ പലരുണ്ട്
എയർ ഇന്ത്യയെ സ്വന്തമാക്കാൻ പലർ രംഗത്തുണ്ട്. 1932-ൽ ടാറ്റാ എയർ സർവീസസ് (ഇതാണ് 1948-ൽ എയർ ഇന്ത്യയായി മാറിയത്) തുടങ്ങിയ ജെആർഡി ടാറ്റയുടെ പിൻഗാമികൾക്കു വലിയ താൽപര്യമുണ്ട് ഈ കന്പനി സ്വന്തമാക്കാൻ. സിംഗപ്പൂർ എയർലൈൻസുമായും വിസ്താരയുമായും സഖ്യമുണ്ടാക്കി രണ്ടു വിമാന കന്പനികൾ ടാറ്റാ നടത്തുന്നുണ്ട്. ഫെബ്രുവരിയിൽ താൽപര്യപത്രം ക്ഷണിക്കുന്പോൾ ആദ്യം അപേക്ഷിക്കാൻ ടാറ്റാ സൺസ് ഉണ്ടാകും.
ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കന്പനിയായ ഇൻഡിഗോയാണു മറ്റൊരു തൽപരകക്ഷി. ഗുരുഗ്രാം ആസ്ഥാനമായുള്ള ഇന്റർഗ്ലോബ് ഏവിയേഷന്റേതാണ് ഇൻഡിഗോ. രാകേഷ് ഗാംഗ്വാളും രാഹുൽ ഭാട്ടിയയുമാണ് സഹസ്ഥാപകർ. കഴിഞ്ഞ വർഷം 16601 കോടി രൂപയുടെ വിറ്റുവരവിൽ 1989 കോടി രൂപ ലാഭമുണ്ടാക്കി ഇൻഡിഗോ. 150 വിമാനങ്ങൾ ഉണ്ട്. (114 വിമാനങ്ങൾ ഉള്ള എയർ ഇന്ത്യ കഴിഞ്ഞ വർഷം 21500 കോടി രൂപ വിറ്റുവരവിൽ 2636 കോടി രൂപ നഷ്ടമുണ്ടാക്കി).
തുർക്കി ആസ്ഥാനമായുള്ള വിമാനത്താവള സേവന കന്പനിയായ സെലെബിയും എയർ ഇന്ത്യയിൽ തൽപരരാണെന്നു റിപ്പോർട്ടുണ്ട്. മെൻസീസ് ഏവിയേഷൻ, ലിവ്വെൽ, ബേഡ് ഗ്രൂപ്പ് തുടങ്ങിയവയും താൽപര്യം കാണിച്ചിട്ടുണ്ട്. ഇവ നാലും വിമാന കന്പനികളല്ല. വിമാന കന്പനികൾക്ക് ഓഹരി നല്കുമെന്നാണു കാബിനറ്റ് തീരുമാനം.
വില്പന രീതി
ഫെബ്രുവരിയിൽ താൽപര്യപത്രം ക്ഷണിച്ച് ജൂണോടുകൂടി ഓഹരി കൈമാറ്റം പൂർത്തിയാക്കാനാണു കേന്ദ്രം ഉദ്ദേശിക്കുന്നത്. അതിനകം കന്പനിക്കു വിലയിടണം.കഴിഞ്ഞ മാർച്ച് 31-നു കന്പനിക്കു 48,876 കോടി രൂപ കടമുണ്ട്. ഈ ധനകാര്യവർഷം പ്രതീക്ഷിക്കുന്ന നഷ്ടം 3579 കോടി രൂപയാണ്.
എയർ ഇന്ത്യക്കു 114 വിമാനങ്ങൾ ഉണ്ട്. ഉപകന്പനികളായ അലയൻസ് എയറിനു 16-ഉം എയർ ഇന്ത്യ എക്സ്പ്രസിന് 23-ഉം വിമാനങ്ങൾ ഉണ്ട്.യുപിഎ സർക്കാർ 2012-ൽ അംഗീകരിച്ച ഒരു പദ്ധതിപ്രകാരം പത്തുവർഷംകൊണ്ട് 30,321 കോടി രൂപ നിക്ഷേപിച്ച് എയർ ഇന്ത്യയെ രക്ഷിക്കാനാണ് ഉദ്ദേശിച്ചത്.
അതു പൂർത്തിയാക്കണമെന്നും സ്വകാര്യവത്കരിക്കരുതെന്നുമാണു പ്രതിപക്ഷം നിർദേശിക്കുന്നത്. കഴിഞ്ഞ വർഷം കാബിനറ്റിന്റെ സാന്പത്തികകാര്യ സമിതി ഈ നിലപാട് തള്ളി. നീതി ആയോഗും സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ചു.
കഴിഞ്ഞയാഴ്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സ്വകാര്യവത്കരണത്തിനെതിരേ നിലപാടെടുത്തതാണ്. എന്നാൽ ഇനിയും നികുതിപ്പണം എയർ ഇന്ത്യയിൽ മുടക്കേണ്ട എന്നു ഗവൺമെന്റ് തീരുമാനിച്ചു. വൈകുംതോറും എയർ ഇന്ത്യക്കു ലഭിക്കാവുന്ന വില കുറയുമെന്നും സർക്കാർ കണക്കാക്കുന്നു.