ന്യൂഡൽഹി: ന്യുയോർക്കിൽനിന്നു ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരൻ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചതായി പരാതി. രാത്രി ഭക്ഷണം കഴിഞ്ഞ ശേഷം ഇയാൾ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചുവെന്നാണു പരാതി.
സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ എയർ ഇന്ത്യയോടു വ്യോമയാന മന്ത്രാലയം നിർദേശിച്ചു.യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുകയാണെന്നു കാട്ടി എയർ ഇന്ത്യ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.
വ്യാഴാഴ്ച ഡൽഹിയിലേക്കു വന്ന എഎൽ 102 നന്പർ വിമാനത്തിലാണ് സംഭവം. വനിതാ യാത്രക്കാരിയുടെ മകളായ ഇന്ദ്രാണി ഘോഷ് എന്ന യുവതി അമ്മയ്ക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണു കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.