ജക്കാർത്ത: എട്ടു പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിൽനിന്നും പന്ത്രണ്ട് വയസുകാരൻ അദ്ഭുതകരമായി രക്ഷപെട്ടു. പാപുവ ന്യൂ ഗിനിയയുടെ അതിർത്തിക്കു സമീപം കാട്ടിലാണ് കുട്ടിയെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ വിമാന അവശിഷ്ടങ്ങൾക്കിടയിൽനിന്നും നിസാരപരിക്കുകളോടെ കണ്ടെടുത്ത 12 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം പാപുവയിലെ ഓക്സിബിൽ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് അപകടം സംഭവിച്ചത്. എയർ ട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. സ്വകാര്യ ചാർട്ടേഡ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ടനാ മെറയിൽനിന്നും ഓക്സിബിലിലേക്ക് പോകുകയായിരുന്നു വിമാനം. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ഒമ്പതുപേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേരും മരിച്ചു.