കൊല്ലം: കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയർ കേരളയുടെ ആദ്യ സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയിൽ നിന്നായിരിക്കും പ്രഥമ സർവീസ് പറന്നുയരുക. ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിമാന സർവീസുകൾ മാത്രമായിരിരിക്കും നടത്തുക.
ദക്ഷിണ-മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതായിരിക്കും തുടക്കത്തിലെ സർവീസുകൾ. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുക. 76 സീറ്റുകൾ ഉള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. എല്ലാം ഇക്കണോമി ക്ലാസുകൾ ആയിരിക്കും.
തുടക്കത്തിൽ അഞ്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്താണ് സർവീസ് തുടങ്ങുന്നത്. ഇതിനായി എയർ കേരള ഐറിഷ് കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് കഴിഞ്ഞു. സ്വന്തമായി വിമാനങ്ങൾ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത വർഷം മുതൽ അന്താരാഷ്ട്ര സർവീസുകൾക്കും തുടക്കമിടും.
ആലുവ മെട്രോ റെയിൽവേ സ്റ്റേഷന് സമീപമാണ് എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുക. നിർമാണം പൂർത്തിയാക്കിയ ഈ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 15 ന് വൈകുന്നേരം അഞ്ചിന് മന്ത്രി പി.രാജീവ് നിർവഹിക്കും.
മൂന്ന് നിലകളുള്ള കെട്ടിടത്തിൽ അത്യാധുനിക പരിശീലന സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം 200 ൽ അധികം വ്യോമയാന വിദഗ്ധർക്ക് ഇവി ജോലി ചെയ്യാൻ കഴിയും.
വിമാന സർവീസുകൾ ആരംഭിക്കുന്ന മുറയ്ക്ക് ഈ വർഷം അവസാനത്തോടെ 750 ൽ അധികം പേർക്ക് വിവിധ വിഭാഗങ്ങളിലായി തൊഴിൽ അവസരങ്ങൾ ലഭ്യമാകുമെന്നും കമ്പനി വക്താക്കൾ അറിയിച്ചു.
- എസ്.ആർ. സുധീർ കുമാർ