മട്ടന്നൂർ: അച്ഛൻ പരീക്ഷണപറക്കൽ നടത്തിയ വിമാനത്താവളത്തിൽ യാത്രക്കാരുമായി മകൻ പറന്നിറങ്ങി. 2016 ൽ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ പൂർത്തിയാക്കിയപ്പോൾ പരീക്ഷണ വിമാനമിറക്കിയത് കാടാച്ചിറയിലെ അരുണയിൽ പദ്മനാഭൻ-രാധ ദന്പതികളുടെ മകനായ എയർമാർഷൽ രഘുനാഥ് നന്പ്യാരായിരുന്നു.
ഡോണിയർ 228 എന്ന വിമാനമായിരുന്നു ഇറക്കിയത്. അദ്ദേഹത്തിന്റെ മകൻ അശ്വിൻ നന്പ്യാരാണ് ഗോ എയറിന്റെ ഡൽഹിയിൽ നിന്നുള്ള ആഭ്യന്തര സർവീസുമായി പറന്നിറങ്ങിയത്.
വ്യോമസേനയുടെ കിഴക്കൻ സേനാ കമാൻഡ് മേധാവിയാണ് രഘുനാഥ് നന്പ്യാർ. ഫ്രാൻസിൽ പോയി റഫാൽ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കൽ നടത്തിയതും രഘുനാഥ് നന്പ്യാരായിരുന്നു.
രണ്ടര വർഷത്തിനു ശേഷം മകനും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റൺവേയാണ് കണ്ണൂർ വിമാനത്താവളത്തിനുള്ളത്. ടേബിൾടോപ്പ് വിമാനത്താവളങ്ങളായ മംഗളൂരു, കരിപ്പൂർ എന്നിവയെക്കാൾ കൂടുതൽ എളുപ്പം ഇവിടുത്തെ റൺവേയാണെന്ന് അശ്വിൻ നന്പ്യാർ പറയുന്നു.