സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ നഗരത്തിലെ വായു ശുദ്ധമാണോ? എത്രയാണ് തൃശൂർ നഗരത്തിലെ വായുമലിനീകരണത്തിന്റെ തോത്? പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണവും വാഹനങ്ങളിൽ നിന്നുണ്ടാകുന്ന പുകയും മറ്റുംകൊണ്ടുള്ള വായുമലിനീകരണ തോത് എത്രയാണ്?
തൃശൂർ നഗരത്തിന്റെ വായുവിനെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ ഉത്തരം കിട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഓണ്‍ലൈൻ മെഷിൻ സ്ഥാപിക്കുന്നു. തൃശൂർ നഗരത്തിലെ അന്തരീക്ഷ വായുനിലവാരം തുടർച്ചയായി അളക്കാനുള്ള ഓണ്‍ലൈൻ മെഷിനും അനുബന്ധ സാമഗ്രികളും സ്ഥാപിക്കാനുള്ള നടപടികളുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുന്നോട്ടുപോവുകയാണ്.
തൃശൂർ കോർപറേഷന് കൈമാറിക്കിട്ടിയ തൃശൂർ ജില്ല ആശുപത്രിയുടെ എക്സ് റേ യൂണിറ്റിന്റെ ഓപ്പണ്‍ ടെറസിൽ നിരീക്ഷണ സംവിധാനവും നഗരസഭയുടെ ഉടമസ്ഥതയിലുള്ള തേറാട്ടിൽ ജെ ആന്റണി മെമ്മോറിയൽ കെട്ടിടത്തിൽ ഡിസ്പ്ലേ ബോർഡും സ്ഥാപിക്കുന്നതിന് ഉചിതമാണെന്ന് കണ്ടത്തിയിട്ടുണ്ട്. കോർപറേഷൻ അസി.എൻജിനീയർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എന്നിവർ സംയുക്തമായി സ്ഥലപരിശോധന നടത്തി കോർപറേഷന് റിപ്പോർട്ടു സമർപ്പിച്ചിട്ടുണ്ട്.
ഈ മെഷിൻ സ്ഥാപിക്കുന്നതുകൊണ്ട് പൊതുജനാരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഇല്ലെന്നും അനുമതി നൽകാവുന്നതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.ഇക്കാര്യം നാളെ ചേരുന്ന തൃശൂർ കോർപറേഷൻ കൗണ്‍സിൽ യോഗം ചർച്ച ചെയ്യും. നഗരങ്ങളിലെ വായുമലിനീകരണത്തിന്റെ തോത് അളക്കാനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കേരളത്തിൽ പല ഭാഗത്തും ഇത്തരത്തിലുള്ള ഓണ്‍ലൈൻ മെഷിനുകൾ സ്ഥാപിക്കുന്നുണ്ട്.
നിലവിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള മെഷിനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ നിന്നുള്ള വിവരങ്ങൾ തുടർച്ചയായി മലിനീകരണ നിയന്ത്രണബോർഡിന്റെ സെർവറിലേക്ക് പൊയ്ക്കൊണ്ടിരിക്കും.തൃശൂരിൽ പൂങ്കുന്നത്ത് ഒരു മെഷിൻ ഇപ്പോഴുണ്ടെങ്കിലും തുടർച്ചയായി തോത് അളക്കുന്ന സംവിധാനമില്ല. തൃശൂർ നഗരത്തിൽ മാത്രമാണ് ഇപ്പോൾ മെഷിൻ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അത്താണി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഇത്തരത്തിലുള്ള ഒരു മെഷിൻ സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.മാർച്ച് 31നകം തൃശൂർ നഗരത്തിൽ വായുനിലവാരം അളക്കാനുള്ള ഓണ്‍ലൈൻ മെഷിൻ സ്ഥാപിക്കാനാണ് നിർദ്ദേശം. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത മെഷിനാണ് സ്ഥാപിക്കുക.