കൊണ്ടോട്ടി: വേനലവധി മുൻനിർത്തി വിമാന കന്പനികൾ ഗൾഫിലേക്കുളള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഈ മാസം 25 മുതൽ ഗൾഫ് സെക്ടറിലേക്കുളള നിരക്കുകളാണ് വർധിപ്പിക്കുന്നത്. ഏപ്രിൽ മുതൽ കേരളത്തിലെ സ്കൂളുകൾ അടക്കുന്നതിനാൽ ഗൾഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ തിരക്കായിരിക്കും.
ഇതു മുൻനിർത്തിയാണ് വിമാന കന്പനികൾ നിരക്ക് വർധിപ്പിച്ചത്. ദുബായിലേക്ക് 5000 രൂപവരെയുള്ള നിരക്ക് 18000 രൂപവരെ നൽകേണ്ട അവസ്ഥയാണ്. ഷാർജ, അബൂദാബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നിരട്ടി നൽകണം. ജിദ്ദയിലേക്ക് നിലവിൽ 15500 രൂപക്ക് ലഭിക്കുന്ന നിരക്ക് 26,000 രൂപയായി ഉയർത്തി. റിയാദിലേക്ക് 12400 രൂപയിൽ നിന്ന് 24000 രൂപയിലേക്കും ദമാമിലേക്ക് 22000 രൂപയായും ഉയർന്നു.
ദോഹ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ രാജ്യങ്ങളിലേക്കും നിലവിലെ നിരക്കിനക്കാളും അയ്യായിരം മുതൽ പതിനായിരം വരെ വർധനവ് വരുത്തിയിട്ടുണ്ട്. അതിനിടെ ഗൾഫിൽ നിന്നുളള നിരക്കും ഏപ്രിൽ മധ്യത്തോടെ വർധിക്കും. റംസാൻ മെയ് ആദ്യത്തിൽ ആരംഭിക്കുന്നതിനാൽ ഗൾഫിൽ നിന്നുള്ള തിരക്കും കൂടും. ഏപ്രിൽ ആദ്യത്തിൽ ഗൾഫിലേക്കു വിമാന ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.