ന്യൂഡൽഹി: വിമാനത്തിൽ എയർഹോസ്റ്റസിനെ അപമാനിക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ. ലണ്ടനിൽനിന്നു ഡൽഹിയിലേക്കു പറന്ന എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിക്കാണ് അപമാനം നേരിടേണ്ടിവന്നത്. ജസ്പാൽ സിംഗ്(35), ചരണ്ദീപ് കൈറി(36) എന്നിവരാണ് അറസ്റ്റിലായത്. ഇവർ രണ്ടുപേരും മദ്യപിച്ച അവസ്ഥയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് ഏജന്റുമാരായ ഇവർ ബ്രിട്ടീഷ് പൗരൻമാരാണ്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽവിട്ടു.
കഴിഞ്ഞമാസം 29നായിരുന്നു സംഭവം. മദ്യപിച്ച നിലയിലായിരുന്ന പ്രതികൾ വിമാനത്തിൽ ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടു. കുറച്ചുസമയത്തിനുശേഷമാണ് ഇവർ ആവശ്യപ്പെട്ട ഭക്ഷണം നൽകാൻ കഴിഞ്ഞത്. ഇതിൽ രോഷാകുലരായ പ്രതികൾ പിന്നീട് എയർ ഹോസ്റ്റസിനെതിരേ മോശം പരാമർശങ്ങൾ നടത്തി. പിന്നീട് വിമാനം ഡൽഹിയിൽ എത്തിയശേഷം വിമാനജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജീവനക്കാരിക്കു നേർക്കുണ്ടായ കടന്നാക്രമണത്തെ അപലപിച്ച എയർ ഇന്ത്യ, വിമാനത്തിൽ യാത്രചെയ്യുന്നവർ ചില മര്യാദകൾ പാലിക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു.