കൊച്ചി: തേങ്ങ തലയിൽ വീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ ഉൾപ്പെടെ ആശുപത്രിയിൽ എത്താൻ ആറു രോഗികൾ എയർ ആംബുലൻസിനായി കാത്തിരിക്കുമ്പോൾ കേന്ദ്രമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്റർ റെഡി.
ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ഓഫീസർമാർ നിർദേശിച്ച വിവിധ രോഗികൾക്ക് മുമ്പിൽ മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണു ലക്ഷദ്വീപ് ഭരണകൂടം എയർ ആംബുലൻസ് നിഷേധി ച്ചത്.
അതേസമയം ദ്വീപ് സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി അശ്വിനി കുമാറിന് അടുത്ത ദ്വീപിലേക്ക് പോകാനായി എയർ ആംബുലൻസായ ഹെലികോപ്റ്റർ സർവീസ് സജ്ജമാക്കിയതാണ് ആക്ഷേപത്തിന് ഇടയാക്കിയത്.
ബുധനാഴ്ച വൈകുന്നേരമാണ് അഗത്തി സ്വദേശിയായ ഒന്നര വയസുകാരന്റെ തലയിൽ തേങ്ങ വീഴുകയും അഗത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
കുട്ടി ഛർദ്ദിക്കുകയും നില വഷളാകുകയും ചെയ്തതോടെ മാതാപിതാക്കൾ എയർ ആംബുലൻസ് ആവശ്യപ്പെട്ടു. ഹെലികോപ്റ്റർ വരാൻ വൈകുമെന്നും കാലാവസ്ഥ പ്രശ്നമാണെന്നും അധികൃതർ അറിയിച്ചതോടെ ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനത്തിൽ ടിക്കറ്റ് സംഘടിപ്പിച്ച് കുട്ടിയെ കൊച്ചിയിൽ എത്തിച്ചു.
ഇതിനിടയിലാണ് രാവിലെ 10.30 യോടെ കവരത്തിയിൽനിന്ന് വിനോദ സഞ്ചാര ദ്വീപായ ബംഗാരത്തിലേക്ക് കേന്ദ്ര മന്ത്രിയുമായി ഹെലികോപ്റ്റർ പറന്നത്.
പിന്നീട് ഉച്ചയോടെ മന്ത്രിയുമായി അഗത്തിയിലേക്കും എത്തി. ചെത്ത് ലത്ത്, ആന്ത്രോത്ത്, അമിനി ദ്വീപുകളിൽനിന്നായി അഞ്ചോളം രോഗികൾ എയർ ആബുലൻസിന് കാത്തിരിക്കുകയാണ്.
ഇവർക്ക് ഹെലികോപ്റ്റർ മാത്രമാണ് ആശ്രയം. രണ്ട് എയർ ആംബുലൻസുകൾ ഉണ്ടങ്കിലും ദ്വീപുകാർക്ക് ലഭ്യമാക്കുന്നത് ഭരണാധികാരികളുടെ ആവശ്യം കഴിഞ്ഞു മാത്രമാണെന്നാണ് ആക്ഷേപം.