കൊല്ലം : ചെറിയ വെളിനല്ലൂർ ആയിരവല്ലിപ്പാറ ഖനനം ചെയ്യുന്നതിനു നൽകിയ അനുമതി റദ്ദാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഖനനവിരുദ്ധ സമരസമിതി അംഗങ്ങളോടൊപ്പം ആയിരവല്ലിപ്പാറയും സമീപ പ്രദേശങ്ങളും സന്ദർശിച്ചശേഷമാണ് ആവശ്യം ഉന്നയിച്ചത്.
നാൽപതേക്കറോളം വരുന്ന സ്ഥലത്ത് നിറഞ്ഞുനിൽക്കുന്ന ഒറ്റപ്പാറയുടെ ഖനനം പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമാണ്.
പാറപൊട്ടിക്കുന്നതിലൂടെയുണ്ട ാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ചോ ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ചോ പഠനം നടത്തിയിട്ടില്ല.
വംശനാശഭീഷണി നേരിടുന്ന ഒട്ടനവധി പക്ഷിമൃഗാദികളുടെയും ഇതര ജീവജാലങ്ങളുടെയും സങ്കേതമാണ് ആയിരവല്ലിപ്പാറ. 2018 ൽ ആയിരവല്ലിപ്പാറയുടെ ഖനനത്തിനായി നൽകിയ അപേക്ഷ അന്നത്തെ കളക്ടർ പരിഗണിച്ചില്ല.
ക്വാറി മാഫിയകളെയും വൻകിട കോർപറേറ്റുകളെയും നിയമം വിട്ട് സഹായിക്കുന്നതിനാണ് ഏകജാലക സംവിധാനത്തിലൂടെ ഇപ്പോൾ അനുമതി നൽകിയത്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
ആയിരവല്ലിപ്പാറയ്ക്ക് മുകളിലാണ് ആയിരവല്ലി ക്ഷേത്രത്തിന്റെ മൂലസ്ഥാനവും വനദുർഗ്ഗാ ക്ഷേത്രവും നൂറ്റാണ്ട ുകൾ പഴക്കമുള്ള കാവുകളും നാഗത്തറയും സ്ഥിതി ചെയ്യുന്നത്. പാറയുടെ അടിവാരത്ത് ആയരവല്ലി ക്ഷേത്രവും അനുബന്ധ ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നു.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ട കുടുംബങ്ങൾ താരതമ്യേന ചെറിയ വീടുകളിൽ തിങ്ങിപാർക്കുന്ന സ്ഥലമാണ്. ജനങ്ങളുടെ വിശ്വാസത്തിനും ആരാധനാക്രമത്തിനും പരിസ്ഥിതിക്കും ജൈവവൈവിദ്ധ്യത്തിനും വെല്ലുവിളി ഉയർത്തുന്നതാണ് ഖനനാനുമതി.
ആയിരവല്ലിപ്പാറ ഖനനം ചെയ്യുന്നതിനുള്ള അനുമതി പിൻവലിക്കാൻ ജില്ലാ കളക്ടറും സർക്കാരും തയ്യാറാകണമെന്നും ഖനനവിരുദ്ധ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.