സാവോപോളോ: ബ്രസീലിൽ വിൻയെദോ നഗരത്തിൽ യാത്രാവിമാനം തകർന്നുവീണ് 62 പേർ കൊല്ലപ്പെട്ടു. സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെ ജനവാസ മേഖലയിലാണ് വിമാനം വീണത്. ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചതെന്നാണ് വിവരം. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.
പരാന സംസ്ഥാനത്തെ കസ്കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന എടിആർ-72 വിമാനം ആടിയുലഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു. വിമാനത്തിൽ 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് വോപാസ് എയർലൈൻസ് അറിയിച്ചു.
വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടകാരണം വ്യക്തമല്ല.