ശിവപുരി(മധ്യപ്രദേശ്): ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽനിന്ന് ലോഹവസ്തു വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പിച്ചോർ പട്ടണത്തിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം.
വീടിനു സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അധ്യാപകനായ മനോജ് സാഗറിന്റെ വീടിന്റെ മേൽക്കൂരയിലേക്കാണ് ഭാരമുള്ള ലോഹവസ്തു വീണത്.
ഈസമയം, ഭാര്യയോടും കുട്ടികളോടുമൊപ്പം സാഗർ വീടിനുള്ളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ രണ്ടു മുറികൾ പൂർണമായും തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുറ്റത്ത് പത്ത് അടിയോളം താഴ്ചയുള്ള കുഴി രൂപപ്പെട്ടു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.