ന്യൂഡല്‍ഹി:ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രണമത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇന്ത്യന്‍ സുരക്ഷാകേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത് കെട്ടിടങ്ങളില്‍ തുളച്ചുകയറി നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന ബോംബുകളാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ജയ്ഷ് ഭീകരക്യാംപ് നിലനിന്ന സ്ഥലത്തെ 2018ലെ ചിത്രവും വ്യോമസേനയുടെ ആക്രമണത്തിനു ശേഷമുള്ള ഇതേ സ്ഥലത്തിന്റെ ചിത്രവും രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ശക്തമായ ആക്രമണമാണു ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയതെന്നും, നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രണ്ടു ചിത്രങ്ങളും പരിശോധിച്ചാല്‍ ദൃശ്യമാകുമെന്ന് സുരക്ഷാകേന്ദ്രങ്ങള്‍ പറയുന്നു.
ഫെബ്രുവരി 26നാണ് പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്റെ ഭീകരപരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. മിറാഷ് 2000 പോര്‍വിമാനങ്ങളുപയോഗിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സ്പൈസ് 2000 സാറ്റലൈറ്റ് നിയന്ത്രിത ബോംബുകളായിരുന്നു സേന പാക്ക് ഭീകരതാവളത്തില്‍ വര്‍ഷിച്ചത്. കെട്ടിടങ്ങളെ തകര്‍ക്കുന്നതിനു പകരം അവയ്ക്കുള്ളിലേക്കു തുളച്ചുകയറി പൊട്ടിത്തെറിക്കുന്നവയാണു ഇത്തരം ബോംബുകളെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ഫോടനത്തിനു മുന്‍പും ശേഷവുമുള്ള ചിത്രങ്ങളില്‍ വലിയ ഭീകരക്യാംപിന്റെ മേല്‍ക്കൂരയില്‍ നാല് ഇടങ്ങളില്‍ ബോംബ് വീണ സ്ഥലങ്ങളെന്നു തോന്നിപ്പിക്കുന്ന ഭാഗങ്ങളുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കെട്ടിടങ്ങളും അതിന്റെ ചുമരുകള്‍ക്കും യാതൊന്നും സംഭവിച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നതെന്ന് മുന്‍ ഉപഗ്രഹ ചിത്ര വിദഗ്ധന്‍ കേണല്‍ വിനായക് ഭട്ട് അഭിപ്രായപ്പെട്ടു. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ നാല് ഇരുണ്ട സ്ഥലങ്ങളാണു കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കൈയ്യിലും ഇത്തരം സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ എന്തുകൊണ്ടാണ് ഈ ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കേന്ദ്രങ്ങളെ തന്നെയാണു തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കാട്ടിലായിരുന്നു വ്യോമസേന ബോംബിട്ടിരുന്നതെങ്കില് പാക്കിസ്ഥാന് പ്രതികരിക്കേണ്ട ആവശ്യം ഇല്ലായിരുന്നില്ലെന്നും ധനോവ ചൂണ്ടിക്കാട്ടി. വ്യോമാക്രമണത്തില്‍ 300ന് അടുത്തു ഭീകരര്‍ കൊല്ലപ്പെട്ടെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.