ബംഗളൂരു: യാത്രക്കാരെ കയറ്റാതെ പറന്നുയർന്ന സംഭവത്തിൽ ഗോ ഫസ്റ്റിന് നോട്ടീസയച്ച് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ).
എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചുവരുകയാണെന്നും റിപ്പോർട്ടു ലഭിച്ചശേഷം ഉചിതമായി നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു.
എന്നാൽ സംഭവത്തിൽ ഗോ ഫസ്റ്റിന് മാപ്പ് പറഞ്ഞു. അശ്രദ്ധകൊണ്ടുണ്ടായ പിഴവിന് ക്ഷമചോദിക്കുന്നതായി ഗോ ഫസ്റ്റ് എയർ പ്രസ്താവനയിൽ പറഞ്ഞു.
ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ സൗജന്യ ടിക്കറ്റ് നൽകും. സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ ഒഴിവാക്കിയതായും ഗോ ഫസ്റ്റ് എയർ പ്രസ്താവനയിൽ അറിയിച്ചു.
ടിക്കറ്റെടുത്ത 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് മറന്നത്. തിങ്കളാഴ്ച രാവിലെ 6.20നു ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലായിരുന്നു സംഭവം.
ഡൽഹിയിലേക്കു പുറപ്പെട്ട ജി8 116 വിമാനം 55 യാത്രക്കാരെ കയറ്റാൻ മറന്നുപോയി. വിമാനത്തിൽ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ കൊണ്ടവന്നത്.
എന്നാൽ അവസാനമെത്തിയ ബസിലെ 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു.
യാത്രക്കാരുടെ ബോർഡിംഗ് പാസുകൾ നൽകുകയും ബാഗുകൾ ഉൾപ്പെടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് പിഴവ് സംഭവിച്ചത്. നാല് മണിക്കൂറിനുശേഷം, 10 ന് പുറപ്പെട്ട മറ്റൊരു വിമാനത്തിലാണ് ഇവർക്ക് പോകാനായത്.