തിരുവനന്തപുരം: ഷിനിയുടെ ഭർത്താവ് സുജിത്തിനോടുള്ള പകയാണ് ആക്രമണത്തിനു തന്നെ പ്രേരിപ്പിച്ചതെന്ന് എയർഗൺ ആക്രമണകേസിലെ പ്രതി ദീപ്തിമോൾ.
സുജിത്തിന്റെ അവഗണന തന്നെ മാനസികമായി തളർത്തിയെന്നും സുജിത്തിനോടുള്ള പകയാണ് ഷിനിയെ ആക്രമിക്കാൻതന്നെ പ്രേരിപ്പിച്ചതെന്നും ദീപ്തിമോൾ പോലീസിന്റെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും വെളിപ്പെടുത്തി. താൻ അനുഭവിച്ച മാനസിക വേദന സുജിത്തും അറിയണമെന്ന ഉറച്ച തീരുമാനമാണ് ഷിനിയെ ആക്രമിക്കാൻ പദ്ധതി തയാറാക്കിയത്.
ആറ് മാസക്കാലമായി ഇതിനുള്ള മാനസിക തയാറെടുപ്പു നടത്തിവരികയായിരുന്നു. പോലീസ് തന്നെ സംശയിക്കുകയൊ പിടിയ്ക്കുകയൊ ചെയ്യില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതനുസരിച്ചാണ് കൃത്യത്തിനുള്ള പദ്ധതി തയാറാക്കിയിരുന്നതെന്നും ദീപ്തിമോൾ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചിരുന്നു.
ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തയോടെയാണ് ജീവിച്ചതെന്നും അവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ഷിനിയെ പെരുന്താന്നിയിലെ വീട്ടിലെത്തി വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഡോ. ദീപ്തിമോൾ ജോസാണ് പോലീസിന്റെ ചോദ്യം ചെയ്യലിലും തെളിവെടുപ്പ് വേളയിലും മനസ് തുറന്ന് കുറ്റം സമ്മതിച്ചത്.
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ സുജിത്തും താനും ഒരുമിച്ച് ജോലി ചെയ്തപ്പോൾ സൗഹൃദത്തിലായിരുന്നുവെന്നും യുവതി പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഷിനിയെ ആക്രമിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന എയർപിസ്റ്റൽ ഇന്നലെ പോലീസ് ദീപ്തിയുടെ താമസ സ്ഥലത്തെ ക്വാർട്ടേഴ്സിൽ നിന്നും കണ്ടെടുത്തു. കോടതി റിമാന്റ് ചെയ്ത ദീപ്തി ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ് .